District News
അങ്കമാലി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂണിയര്‍, സബ് ജൂണിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിശ്വജ്യോതി പബ്ലിക് സ്കൂളിന് മികച്ച നേട്ടം. സ്കൂളിലെ 20 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 11 സ്വര്‍ണവും 15 വെള്ളിയും അഞ്ച് വെങ്കല മെഡലുകളും ഇവര്‍ നീന്തി നേടി.
പങ്കെടുത്ത ഏഴിനങ്ങളിലും ഇന്ദ്രാണി എം.മേനോന് സ്വര്‍ണം നേടുകയും 100 മീറ്റര്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ പുതിയ റെക്കോര്‍ഡോടെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു. ഡേവിഡ് ജോണ്‍ ജിജോ പങ്കെടുത്ത ഇനങ്ങളില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും നേടി. 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സംസ്ഥാന ബെറ്റര്‍ റെക്കോര്‍ഡ് നേടി ഡേവിഡ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. മികച്ച നേട്ടം കൈവരിച്ചവരെയും പരിശീലകന് കെ. അനില്‍കുമാറിനെയും സ്കൂള്‍ മാനേജര്‍ ഫാ. ഐസക് തറയില്‍, പ്രിന്‍സിപ്പല്‍ ഫാ. ജെയ്സണ്‍ പരപ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍ ഷാലി ജോസ് എന്നിവര്‍ അനുമോദിച്ചു.
District News
ആലുവ: കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൊളിച്ച റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. ഒരു വർഷമായിട്ടും റോഡ് തകർന്ന് കിടക്കുന്നതിൽ പ്രതിഷേധിച്ചാണ് ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി ഉപരോധസമരം നടത്തിയത്.
2025 നവംബറിലാണ് ബൈപ്പാസ് കവലയ്ക്കും ബാങ്ക് കവലയ്ക്കും ഇടയിലുള്ള ബ്രിഡ്ജ് റോഡിന്റെ പടിഞ്ഞാറ് വശത്ത് പുതിയ ജലവിതരണ പൈപ്പ് സ്ഥാപിച്ചത്. പൊളിച്ച റോഡ് നന്നാക്കുന്നതിനായി വാട്ടർ അഥോറിറ്റി നേരത്തെ തന്നെ പൊതുമരാമത്ത് വകുപ്പിന് പണം നൽകിയിരുന്നു. എന്നാൽ പത്ത് മാസമായിട്ടും പൈപ്പ് മാറ്റാൻ നീളത്തിൽ തോട് കീറിയ ഭാഗം ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കാൻ തയാറായില്ല. വെള്ളക്കെട്ടും പൊടിശല്യവും രൂക്ഷമായതോടെയാണ് പൗരാവകാശ സംരക്ഷണ സമിതി ഉപരോധിച്ചത്.
കുഴിയെടുത്ത ഭാഗത്ത് കട്ട വിരിച്ച് ഉടൻ സഞ്ചാര യോഗ്യമാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. സമിതി ഭാരവാഹികളായ സാബു പരിയാരത്ത്, ജോൺസൺ മുളവരിക്കൽ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
District News
വൈപ്പിൻ: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞാറക്കൽ താലൂക്ക് ആശുപത്രിക്ക് സമീപം കളത്തിപ്പറമ്പിൽ സജീവൻ(75), ഭാര്യ സവിത (65) എന്നിവരാണ് മരിച്ചത്. ഏക മകന്റെ അകാല മരണത്തിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ മുൻവശത്തെ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ വീട്ടിൽ എത്തണമെന്ന് സജീവൻ തലേ ദിവസം സഹോദരനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് സഹോദരൻ ഇന്നലെ രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്.
ഇവരുടെ ഏകമകൻ സിജോയ് ഒരു വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞിരുന്നു .അതിനുശേഷം ഇരുവരും കടുത്ത നിരാശയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആറുമാസം മുമ്പ് ഓവർ ഡോസ് മരുന്ന് കഴിച്ച ശേഷം കൈയിലെ ഞരമ്പ് മുറിച്ച് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. നേരത്തെ വിദേശത്തായിരുന്ന സജീവൻ മടങ്ങിയെത്തിയശേഷം മഞ്ഞനക്കാട് മറൈൻ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു സജിത.
ഞാറക്കൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ.
District News
കൊച്ചി: കടലില്‍ സംശയാസ്പദ രീതിയില്‍ കണ്ട കപ്പലിനു ചുറ്റും നിലയുറപ്പിച്ച തോക്കുധാരികളായ മറൈന്‍ കമാന്‍ഡോകള്‍, കയര്‍ ഏണിയിലൂടെ കപ്പലിലേക്ക് കയറി ഓരോ മുറികളിലും തന്ത്രപരമായി പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കുന്ന മറ്റൊരു സംഘം, യുദ്ധ സമാന സാഹചര്യത്തില്‍ ഹെലികോപ്ടറിലൂടെ കപ്പലില്‍നിന്ന് തൂങ്ങിയിറങ്ങുന്ന കമാന്‍ഡോകള്‍....
ബഹുരാഷ്ട്ര സമുദ്ര സുരക്ഷ പരിശീലന പരിപാടിയായ ഓപ്പറേഷന് സതേണ്‍ റെഡിനസിന്റെ ഭാഗമായി ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഒരുക്കിയ കില്ഹൗസ് പരിശീലനത്തിനെത്തിയ വിദേശ നാവികര്‍ക്ക് വേറിട്ട അനുഭവമായി. കപ്പലിലെ ഓരോ അറയും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള കംപാര്‍ട്ട്മെന്റ് ക്ലിയറന്‍സ് നല്കിയ ശേഷമാണ് നാവികര്‍ ഓരോ ഭാഗത്തേക്കും പ്രവേശിക്കുന്നത്. കപ്പലിന്റെ വിവിധ അറകളും ഇടനാഴികളും കൃത്രിമമായി സജ്ജീകരിച്ചിട്ടുള്ള ബഹുമുഖ പരിശീലന കേന്ദ്രമാണിത്. സമീപദൂര പോരാട്ട പരിശീലനത്തിന് യാഥാര്‍ഥ്യാനുഭവം നല്കുന്ന രീതിയിലാണ് രൂപകല്പന.
ഈ പരിശീലനകേന്ദ്രം വഴി വിസിറ്റ്, ബോര്‍ഡ്, സെര്‍ച്ച് ആന്‍ഡ് സീസര്‍ നടപടിക്രമങ്ങള്‍, മുറികളിലേക്കുള്ള തന്ത്രപരമായ പ്രവേശനവും നിയന്ത്രണവും, ഹൃസ്വ ദൂര യുദ്ധതന്ത്രങ്ങള്‍ എന്നിവ പരിശീലിക്കാനാകും. കടല്‍ക്കൊള്ള വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍, ബന്ദിമോചന ദൗത്യങ്ങള്‍ എന്നിവയില്‍ നാവികസേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതില്‍ കില്‍ ഹൗസ് നിര്‍ണായക പങ്കുവഹിക്കുന്നു.
വെടിയുതിർക്കാൻ
വെപ്പണ്‍
സിമുലേഷന്‍
വിവിധ തന്ത്രപരമായ സാഹചര്യങ്ങളില്‍ കൃത്യതയോടെ വെടിയുതിര്‍ക്കാനുള്ള പരിശീലനമാണ് വെപ്പണ്‍ സിമുലേഷനില്‍ നല്‍കുന്നത്. കൊച്ചിയിലെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഇന്ത്യയിലെ ആദ്യത്തെ 75 മീറ്റര്‍ കോംപോസിറ്റ് ഇന്‍ഡോര്‍ ഷൂട്ടിംഗ് റേഞ്ച് (സിഐഎസ്ആര്‍) ചെറുആയുധങ്ങളുടെ ഉപയോഗത്തിലുള്ള പ്രാവീണ്യവും യുദ്ധസാഹചര്യങ്ങളിലെ കൃത്യമായ വെടിവയ്പ് പരിശീലനവും മെച്ചപ്പെടുത്തുന്നതിനായി സജ്ജമാക്കിയ അത്യാധുനിക പരിശീലന കേന്ദ്രമാണ്.
നൂതന ഇലക്ട്രോണിക് ടാര്‍ഗറ്റിംഗ് സംവിധാനങ്ങള്‍, വെര്‍ച്വല്‍ ടാര്‍ഗറ്റുകളും ഡ്രോണ്‍ അധിഷ്ഠിത ടാര്‍ഗറ്റ് സിമുലേഷനും ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളാല്‍ സജ്ജീകരിച്ചിരിക്കുന്ന ഈറേഞ്ച്, യഥാര്‍ഥ യുദ്ധസാഹചര്യങ്ങളോടു സാമ്യമുള്ള ചലനാത്മക പരിശീലനാന്തരീക്ഷമാണ് ഒരുക്കുന്നത്. കൂടുതല്‍ സുരക്ഷയോടെ എല്ലാ കാലാവസ്ഥയിലും പരിശീലനം തടസമില്ലാതെ തുടരാന്‍ കഴിയുന്ന ഇന്‍ഡോര്‍ സൗകര്യവും ഓട്ടോമേറ്റഡ് സ്കോറിംഗും ഫീഡ്ബാക്ക് സംവിധാനവും പരിശീലനത്തിന്റെ പ്രകടനം കൃത്യമായി വിലയിരുത്താന്‍ സഹായിക്കുന്നു. ഇന്ത്യന്‍ നാവികസേനയുടെ സമഗ്രമായ യുദ്ധസന്നദ്ധതയും പോരാട്ട ക്ഷമതയും ഗണ്യമായി ഉയര്‍ത്താന്‍ ഈ സൗകര്യം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
കൊച്ചി ദക്ഷിണ നാവിക കമാന്‍ഡില്‍ നടന്നുവരുന്ന നാലു ദിവസത്തെ ബഹുരാഷ്ട സമുദ്ര സുരക്ഷാ പരിശീലനം - ഓപ്പറേഷന് സതേണ്‍ റെഡിനെസ് (ഒഎസ്ആര്) ഇന്ന് സമാപിക്കും. അന്താരാഷ്ട്ര നാവിക സേനകളുടെയും കോസ്റ്റ് ഗാര്‍ഡുകളുടെയും പങ്കാളിത്തത്തോടെയുള്ള പരിശീലന പരിപാടിയില്‍ 26 രാജ്യങ്ങളില്‍ നിന്നുള്ള 254 നാവികരും 74 പരിശീലകരും നാല് രാജ്യാന്തര സംഘടനകളില്‍ നിന്നുള്ള വിദഗ്ധരുമാണ് പങ്കെടുക്കുന്നത്. സമുദ്ര സുരക്ഷ, ദുരന്ത നിവാരണം, കടല്‍ അതിര്‍ത്തി സംരക്ഷണം തുടങ്ങിയ മേഖലകളിലെ ശാക്തീകരണമാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തിലുള്ള സംയോജിത ടാസ്ക് ഫോഴ്സ് 15ന്റെ(സിടിഎഫ് 154) ആഭിമുഖ്യ ത്തില്‍ കംബൈന്‍ഡ് മാരിടൈം ഫോഴ്സ്(സിഎം എഫ്)മായി ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.
District News
കൊച്ചി: കാക്കനാട്ടേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട പാതയ്ക്കായുള്ള ടെലികമ്യൂണിക്കേഷന്‍ കരാര്‍ സീമെന്‍സ് ലിമിറ്റഡിന്. 91.6 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയതെന്ന് കെഎംആര്‍എല്‍ അറിയിച്ചു. ഓപ്പണ്‍ ടെന്‍ഡര്‍ നടപടി ക്രമത്തിലൂടെയാണ് കരാര്‍ നല്‍കിയത്. സാങ്കേതികവും സാമ്പത്തികവുമായ വിലയിരുത്തലുകള്‍ക്കു ശേഷമാണ് സീമെന്‍സ് ലിമിറ്റഡ് ഏറ്റവും യോഗ്യമായ സ്ഥാപനമായി തെരഞ്ഞെടുത്തതെന്നും കെഎംആര്‍എല്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്ലിനെ പ്രതിനിധീകരിച്ച് ചീഫ് എന്‍ജിനീയര്‍ ടി.സി. ജോണ്‍സണും സീമെന്‍സ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് അമിത് ഭരദ്വാജ്, ഉദയാദിത്യ പഥക് എന്നിവരും കരാറില്‍ ഒപ്പുവച്ചു. കെഎംആര്‍എല്‍ സിസ്റ്റംസ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍, സിഗ്നലിംഗ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ വി. സജിത്, ജനറല്‍ കണ്‍സള്‍ട്ടന്റായ സിസ്ട്രയുടെ പ്രതിനിധികള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സമഗ്ര ആശയവിനിമയ സംവിധാനങ്ങളാണ് ഈ കരാറിന്റെ ഭാഗമായി ഒരുക്കുക. യാത്രക്കാര്‍ക്ക് കൃത്യമായ അറിയിപ്പുകള് നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍, ഡിജിറ്റല്‍ വിവരഫലകങ്ങള്‍, സിസിടിവി നിരീക്ഷണം, അടിയന്തര ആശയവിനിമയ സൗകര്യങ്ങള്‍, ഓഫീസ് ഓട്ടോമേഷന്‍ ശൃംഖല, സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായിരിക്കും.
District News
ആലുവ: വൈദ്യപരിശോധനയ്ക്കിടെ ആലുവയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും കൈവിലങ്ങോടെ രക്ഷപെട്ട പ്രതിയെ ട്രെയിനിൽ പിന്തുടർന്ന് പിടികൂടി പോലീസ്. കളമശേരിയിൽ നടന്ന കോപ്പർ മോഷണക്കേസിലെ പ്രതി ആസാം സ്വദേശി ഐനൂൽ അലി (24) ആണ് ആസാം അതിർത്തിക്കടുത്ത് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പോലീസുകാരുടെ ശ്രദ്ധവെട്ടിച്ച് കൈവിലങ്ങോടെ പ്രതി ഓടി രക്ഷപ്പെട്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇയാൾ കൈവിലങ്ങ് അഴിച്ചുമാറ്റിയ ശേഷം ആസാമിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതോടെ പ്രത്യേക അന്വേഷണ സംഘം ട്രെയിനിൽ ഇയാളെ രഹസ്യമായി പിന്തുടർന്നു. ആസാം അതിർത്തിക്ക് തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രത്യേക സംഘം പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ നാട്ടിലെത്തിച്ച്, കോടതിയിൽ ഹാജരാക്കും.
District News
കൊച്ചി: എറണാകുളം ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊച്ചി റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ തുടക്കം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 13 ടീമുകളും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 ടീമുകളും ഉള്‍പ്പെടെ 25 ടീമുകളാണ് നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന ത്രിദിന ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
ഇന്നലെ നടന്ന പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കടവന്ത്ര കേന്ദ്രീയ വിദ്യാലയം, രാജഗിരി അക്കാദമി, എസ്എച്ച് സിഎംഐ അക്കാദമി ടീമുകളും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗിരിനഗര്‍ ഭവന്‍സ് വിദ്യ മന്ദിര്‍, സിറ്റി ഫൈവ്സ് ടീമുകളും വിജയിച്ചു.
കൊച്ചി സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ രാജാ ടോമി ഉദ്ഘാടനം ചെയ്തു.
District News
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓണ്‍ലൈന്‍ ടാക്സി, കാര്‍ ഡ്രൈവര്‍മാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിത കാല സമരത്തിൽ ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയാറെന്ന് ഊബർ അധികൃതർ.
ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഇന്നലെയാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്. അധികൃതരുടെ ഭാഗത്ത് നിന്ന് പ്രശ്നപരിഹാരത്തിനുള്ള യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് സമരം ചെയ്യുന്ന ഡ്രൈവർമാർ ഇന്നലെ വൈകിട്ട് പുല്ലേപ്പടിയിലുള്ള ഊബർ ഓഫീസിലെത്തി പ്രതിഷേധ ധർണ നടത്തി.
ഓള് കേരള ഡ്രൈവഴേസ് യൂണിയന് അലൈന്‍സിന്റെ നേതൃത്വത്തിൽ മൂന്നു മണിക്കൂറോളം നീണ്ട ധർണയിൽ ഒടുവിൽ പോലെത്തി. തുടർന്നാണ് ഊബർ അധികൃതർ ചർച്ചയ്ക്ക് വഴങ്ങിയത്.
ബംഗളൂരുവിൽ നിന്നുള്ള പ്രതിനിധി സമരക്കാരുമായി ചർച്ച ചെയ്യാമെന്ന് അറിയിച്ചു. ചർച്ചയ്ക്കുള്ള തീയതി ഇന്ന് അറിയിക്കും. തുടർന്നാണ് സമരക്കാർ ഊബർ ഓഫീസിലെ പ്രതിഷേധ ധർണ അവസാനിപ്പിച്ചത്.
അതേസമയം, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഓള് കേരള ഡ്രൈവേഴ്സ് യൂണിയന് അലൈന്‍സ് പ്രസിഡന്റ് റിനീഷ് അഹമ്മദ് പറഞ്ഞു.
District News
ആലുവ: വ്യാജ ആപ് വഴി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ കാഞ്ഞിരക്കാട് റയോൺപുരം കൊന്നംകുടി വീട്ടിൽ ആസിഫ് (28) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് ചുണങ്ങംവേലി ഭാഗത്തുള്ള എടിഎം ക്യാബിനകത്ത് വച്ച് എടത്തല പെങ്ങാട്ടുശേരി സ്വദേശിയെ പേടിഎമ്മിന്റെ വ്യാജ ആപ് ഉപയോഗിച്ചാണ് തട്ടിപ്പിനിരയാക്കിയത്. ആസിഫിന്റെ ഫോണിലെ പേടിഎമ്മിന്റെ വ്യാജ ആപ് ഉപയോഗിച്ച് പെങ്ങാട്ടുശേരി സ്വദേശിയുടെ ഗൂഗിൾ പേ ക്യൂആർ കോഡ് സ്കാൻ ചെയ്ത് 6,000 രൂപ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് അയച്ചു നൽകിയതായി വിശ്വസിപ്പിച്ച് പണം അയച്ചുനൽകാതെ 6,000 രൂപ കൈപ്പറ്റുകയായിരുന്നു. ആസിഫിനെതിരെ പെരുമ്പാവൂർ, കളമശേരി പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകൾ നിലവിലുണ്ട്.
District News
കൊച്ചി: ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് 21,11,757 രൂപ തട്ടിയെടുത്ത കേസിൽ അക്കൗണ്ടന്റ് അറസ്റ്റിൽ. എറണാകുളം ചെങ്ങമനാട് കൗസ്തുഭം വീട്ടിൽ കെ.ആർ. അനുരാജിനെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം കച്ചേരിപ്പടിയിലുള്ള അക്വൻസ ടെക്നോളജീസ് ആൻഡ് സൊല്യൂഷൻ എൽഎൽപി എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലിക്ക് കയറിയ പ്രതി, ഉടമയുടെ വിശ്വാസം നേടിയെടുത്ത ശേഷം മേയ് 14 മുതൽ ജൂൺ 13 വരെയുള്ള കാലയളവിൽ 13 തവണകളായി സ്ഥാപനത്തിന്റെ ഓവർ ഡ്രാഫ്റ്റ് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവ ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ വഴി രണ്ട് അക്കൗണ്ടുകളിൽ നിന്നായി പണം തട്ടിയെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
കൊച്ചി: നിര്‍മാണത്തിലെ മെല്ലെപ്പോക്കിനെ തുടര്‍ന്ന് നിര്‍മാണ കമ്പനിയുമായുള്ള കരാര്‍ റെയില്‍വേ റദ്ദാക്കിയതിനാല്‍ നിലച്ച എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ടെൻഡര്‍ നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ സമയബന്ധിത പൂര്‍ത്തീകരണം സംബന്ധിച്ച് ഹൈബി ഈഡന് എംപി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ വെസ്റ്റ് ടെര്‍മിനല്‍ ബില്‍ഡിംഗ്, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്, റസിഡന്‍ഷ്യല്‍ ടവര്‍, നടപ്പാലത്തിന്റെ അടിത്തറ എന്നിവയുടെ ഘടനാപരമായ പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ബാക്കി ജോലികള്‍ ആരംഭിച്ചിരുന്നെങ്കിലും കരാര്‍ കമ്പനിയായ സേലം റാങ്ക് പ്രോജക്ട്സ് ആന്‍ഡ് ഡെവലപ്പേഴ്സ് നിര്‍മാണം മന്ദഗതിയിലാക്കിയതോടെ നിര്‍മാണ കരാര്‍ റെയില്‍വേ റദ്ദാക്കിയിരുന്നു. 2022 ഓഗസ്റ്റില്‍ കരാര്‍ നല്കിയപ്പോള് 2025 ഓഗസ്റ്റില്‍ പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ നിര്‍ദിഷ്ട സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് സാധിച്ചില്ല. കരാര്‍ റദ്ദാക്കിയതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഈസ്റ്റ് ടെര്‍മിനല്‍ ബില്‍ഡിംഗ്, വെസ്റ്റ് ടെര്‍മിനല്‍ ബില്‍ഡിംഗ്, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്, സര്‍വീസ് ബില്‍ഡിംഗ് എന്നിവയുടെ ഘടനാപരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പി വേ ഡിപ്പോയുടെയും പി വേ ഓഫീസിന്റെയും ഘടനാപരമായ നിര്‍മാണം പൂര്‍ത്തിയാക്കിയെന്നും അവയുടെ അവസാനവട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
District News
കാഞ്ഞങ്ങാട്: നീലേശ്വരം നഗരസഭാ പരിധിയിൽ അഞ്ചുപേർക്കും അജാനൂർ പഞ്ചായത്തിൽ ഒരാൾക്കും ഷിഗെല്ല സ്ഥിരീകരിച്ചതോടെ തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ഒരാഴ്ച മുമ്പ് നീലേശ്വരം ചാത്തമത്ത് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച 74 പേർക്ക് വയറിളക്കവും ശാരീരിക അസ്വസ്ഥതകളുമുണ്ടായിരുന്നു. കടുത്ത രോഗലക്ഷണങ്ങളുണ്ടായവരുടെ സാമ്പിളുകൾ കണ്ണൂരിലെ റിജണൽ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്കയച്ചിരുന്നു. ഇതിൽനിന്നാണ് അഞ്ചെണ്ണം ഷിഗെല്ല പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ലഭിച്ചത്. ഇതിൽ
നാലുപേരും കുട്ടികളാണ്. അജാനൂർ പഞ്ചായത്തിന്റെ തീരദേശമേഖലയിൽ നിന്ന് രണ്ടുപേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിലാണ് ഒരെണ്ണം പോസിറ്റീവായത്.
ആറുപേരെയും ഇതിനകം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. അതതിടങ്ങളിലെ ആരോഗ്യപ്രവർത്തകർ ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നുണ്ട്.
രണ്ടിടങ്ങളിലും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കൂടുതൽ പേർക്ക് രോഗബാധയുണ്ടാകാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ടി.രേഖയും റാപ്പിഡ് റെസ്പോൺസ് ടീമും ഇന്നലെ നീലേശ്വരത്തെത്തി പരിശോധന നടത്തി. നഗരസഭയിലെ വിവിധ വാർഡുകളിൽ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കാൻ ആർആർടി യോഗം തീരുമാനിച്ചു. വയറിളക്കം, പനി, വയറുവേദന, രക്തം കലർന്ന മലവിസർജനം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയംചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻതന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുകയും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുകയും ചെയ്യണം. ശുചിത്വമുള്ള ഭക്ഷണം മാത്രം കഴിക്കണം. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, കൂൾബാറുകൾ മറ്റ് ഭക്ഷ്യ ഉത്പാദന-വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കർശനമായി പരിശോധന നടത്താനും തീരുമാനിച്ചു.
വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എ.വി. സുരേന്ദ്രൻ, ജില്ലാ എപ്പിഡമോളജിസ്റ്റ് ഫ്ലോറി ജോസഫ്, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസർ ലിനിഷ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സോനു ബി. നായർ, ടെക്നിക്കൽ അസിസ്റ്റന്റ് എം. ചന്ദ്രൻ, താലൂക്ക് എച്ച്ഐ സിജോ എം. ജോസ്, നഗരസഭാ ക്ലീൻ സിറ്റി മാനേജർ വി.കെ. കണ്ണൻ എന്നിവർ പങ്കെടുത്തു.
ജാഗ്രത പാലിക്കണം
ജില്ലയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എന്നാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
District News
കാഞ്ഞങ്ങാട്: ഡല്‍ഹിയിലെ വിദ്യാര്‍ഥിസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധസമരം നടത്തിയ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കെതിരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ അധ്യക്ഷതവഹിച്ചു. എ.ഗോവിന്ദന് നായര്‍, എം.അസിനാര്‍, സാജിദ് മൗവ്വല്‍, എം.സി.പ്രഭാകരന്, പി.വി.സുരേഷ്, കെ.പി.പ്രകാശന്, മാമുനി വിജയന്, ശ്രീജിത് മാടക്കല്ല്, കെ.വി.ശശിധരന്, ഗീത കൃഷ്ണന്, ധന്യ സുരേഷ്, ഉമേശന് വേളൂര്‍, മധുസൂദനന് ബാലൂര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്, ജോയ് ജോസഫ്, കെ.വി. ഭക്തവത്സലന്, കാര്ത്തികേയന് പെരിയ, മിനി ചന്ദ്രന്, പി.രാമചന്ദ്രന്, സി.വി.ഭാവനന്‍ എന്നിവര്‍ സംസാരിച്ചു.
District News
കാഞ്ഞങ്ങാട്: സഹപാഠിയുടെ ജീവന് രക്ഷിച്ച ദുര്‍ഗ സ്കൂള്‍ വിദ്യാര്‍ഥിയും എസ്പിസി കാഡറ്റുമായ മുഹമ്മദ് സഹല്‍ ഷഹസാദിനെ എന്‍ഡിആര്‍എഫ് (അറക്കോണം) ഫോര്‍ത്ത് ബറ്റാലിയന്റെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തില്‍ അനുമോദിച്ചു.
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ശ്വാസതടസം നേരിട്ട സഹപാഠിയെ എന്‍ഡിആര്‍എഫ് പരിശീലനത്തിലൂടെ ലഭിച്ച അറിവിലൂടെ പ്രാഥമിക ശുശ്രൂഷ നല്കി രക്ഷിച്ചതിനാണ് അനുമോദിച്ചത്.
സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉപഹാരം നല്കി. നാലാം ബറ്റാലിയന് കമാന്‍ഡന്റ് ശൈലേന്ദ്ര സിംഗ് റാത്തോഡ് മുഖ്യാതിഥിയായി.
ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ കെ.രമേശന്, പ്രിന്‍സിപ്പല്‍ ഡോ. എന്‍. വേണുനാഥന്, എസ്പിസി സിപിഒ മാരായ എം.തുഷാര, പി.വി.ശ്രീജിത് എന്നിവര്‍ സംസാരിച്ചു. മുഖ്യാധ്യാപിക പി.സുമ സ്വാഗതവും ദേശീയ ദുരന്തനിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് പ്രവീണ്‍ എസ്.പ്രസാദ് നന്ദിയും പറഞ്ഞു.
District News
പരപ്പ: ബസിനടിയിൽ പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കണ്ടക്ടർ കാട്ടിപ്പൊയിൽ പള്ളം സ്വദേശി രാജേഷിന് സഹായമെത്തിക്കാൻ പരപ്പയിൽ നാട്ടുകാർ കൈകോർത്തു.
ടോപ് ടെൻ ക്ലബ് പ്രവർത്തകരും ഓട്ടോ ഡ്രൈവർമാരും ബസ് ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂർ കൊണ്ട് ബക്കറ്റ് പിരിവിലൂടെ 37,650 രൂപയാണ് സമാഹരിച്ചത്. ടോപ് ടെൻ ക്ലബ് പ്രസിഡന്റ് ഷൈജൻ ചാക്കോ നേതൃത്വം നൽകി. തുക രാജേഷ് ജോലി ചെയ്തിരുന്ന തവക്കൽ ബസ് അധികൃതർക്കു കൈമാറി.
രാജേഷിന് ചികിത്സാസഹായമെത്തിക്കുന്നതിനായി തവക്കൽ ബസ് ഇന്നലെ കാരുണ്യയാത്രയും നടത്തി. കഴിഞ്ഞ ഞായറാഴ്ച അമ്പലത്തറ പാറപ്പള്ളിയിൽ വച്ചാണ് ബസിന്റെ സാങ്കേതിക തകരാർ പരിശോധിക്കാനായി ഇറങ്ങിയ രാജേഷ് ബസിനടിയിൽ പെട്ടത്. നിലവിൽ കാസർഗോഡ് മിംസ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
District News
കാസര്‍ഗോഡ്: കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഇന്‍വേര്‍ഡ്, ഔട്ട് വേര്‍ഡ് പാഴ്സല്‍ സര്‍വീസുകള്‍ 25 മുതല്‍ പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള ദക്ഷിണ റെയില്‍വേയുടെ തീരുമാനം പ്രതിഷേധാര്‍ഹവും ജനദ്രോഹപരവുമാണെന്നും അടിയന്തരമായി ഇതു പിന്‍വലിക്കണമെന്നും കല്ലട്ര മാഹിന്‍ എംഎല്‍എ ആവശ്യപ്പെട്ടു. വര്‍ഷത്തില്‍ 49.70 കോടി രൂപയിലധികം വരുമാനം നല്കുന്ന ദക്ഷിണ റെയില്‍വേയിലെ തന്നെ പ്രധാനപ്പെട്ട ജില്ലാ ആസ്ഥാന സ്റ്റേഷനുകളിലൊന്നായ കാസര്‍ഗോഡിനോട് കാണിക്കുന്ന ഈ വിവേചനം യാതൊരു ന്യായീകരണവുമില്ലാത്തതാണ്. അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കുന്ന സ്റ്റേഷനില്‍ നിന്ന് പാഴ്സല്‍ ഗതാഗതം നിര്‍ത്തലാക്കുന്നത് തികച്ചും പരസ്പരവിരുദ്ധവും വികസന കാഴ്ചപ്പാടിന് നിരക്കാത്തതുമാണ്.
ജില്ലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍- സ്വകാര്യ ജീവനക്കാര്‍ എന്നിവര്‍ ഇരുചക്ര വാഹനങ്ങളും മറ്റ് അവശ്യസാധനങ്ങളും അയക്കാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ഈ പാഴ്സല്‍ കേന്ദ്രത്തെയാണ്. സര്‍വീസ് നിര്‍ത്തലാക്കുന്നതോടെ ഇവര്‍ മംഗളുരുവിനെയോ കണ്ണൂരിനെയോ ആശ്രയിക്കേണ്ടി വരുന്നത് കടുത്ത ദുരിതമുണ്ടാക്കും. വ്യാപാരികള്‍ , കര്‍ഷകര്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവരുടെ പ്രധാന ചരക്കുനീക്കത്തെ ഇതു ബാധിക്കുകയും റോഡ് മാര്‍ഗമുള്ള ചെലവേറിയ ഗതാഗതത്തിലേക്ക് ഇവര്‍ മാറേണ്ടിവരുന്നത് സാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിവെക്കുകയും ചെയ്യും.
ജൂലൈ 21-ന് ഉത്തരവിറക്കി ജൂലൈ 25 മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിക്കുന്നത് വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പോലും സമയം നല്കാതെയുള്ള തികച്ചും ഏക പക്ഷീയമായ നീക്കമാണ്.
പാഴ്സല്‍ സര്‍വീസ് നിര്‍ത്തിവെക്കാനുള്ള നീക്കത്തില്‍ നിന്നു റെയില്‍വേ അടിയന്തരമായി പിന്മാറണമെന്നും അമൃത് ഭാരത് പദ്ധതി യുടെ ഭാഗമായി പാഴ്സല്‍ കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍, പാലക്കാട് ഡിആര്‍എം എന്നിവര്‍ക്ക് കത്തയച്ചതായി എംഎല്‍എ അറിയിച്ചു.
തീരുമാനം പുനഃപരിശോ ധിച്ചില്ലെങ്കില് ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
District News
കാസർഗോഡ്: സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ റോഡിൽ നിയന്ത്രണം വിട്ടുമറിഞ്ഞു. ഏഴു കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.
ഇന്നലെ രാവിലെ 9.45 ഓടെ കാസർഗോഡ് എംജി റോഡിൽ ഫോർട്ട് റോഡ് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.
ഓട്ടോ ഡ്രൈവർ ഉമേശ്, മഡോണ എയുപി സ്കൂളിലെ വിദ്യാർഥികളായ ആരാധ്യ (12), അഥർവ (ആറ്), അർവിൻ (ഏഴ്), മുനിസിപ്പൽ യുപി സ്കൂൾ വിദ്യാർഥികളായ മറിയം (10), ദീപ്ന (12), അനശ്വര (10), ഇയാൻ സുനിൽ (ആറ്) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
District News
ചുള്ളി: കോളിച്ചാൽ-ചെറുപുഴ മലയോരഹൈവേയിലെ റോഡ് തകർന്ന ഭാഗത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയത്തിഴന്റെ നേതൃത്വത്തിൽ നാട്ടുകാർ കോൺക്രീറ്റ് പ്രവൃത്തി നടത്തി. കഴിഞ്ഞ കുറെ വർഷങ്ങളായി ഇതു വഴിയുള്ള യാത്ര ദുരിതപൂർണമെന്ന് വാഹന ഉടമസ്ഥരും ഇരുചക്ര വാഹന യാത്രക്കാരും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്ന് ഇങ്ങനെ പ്രവ്യത്തി ഏറ്റെടുത്ത് നടത്താൻ കാരണമായത്. ദിനംപ്രതി വാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നതും പതിവായിരുന്നു .വാർഡ് മെംബർ മിനി ആന്റണി, പി.കെ. ബാലചന്ദ്രൻ , ബെന്നി കിഴക്കേൽ, കെ ഡി.മോഹനൻ , കെ.കെ.യോഗേഷ്, ജിജി, മാർട്ടിൻ ജോർജ് , സാബു ആഗസ്റ്റിൻ, രാജേഷ്, ബിജോ അറയ്ക്കൽ, ഗിരീഷ് കൂക്കൾ, ബിനോയി, പ്രദീപൻ , രഞ്ജിത് എന്നിവർ നേതൃത്വം നൽകി.
District News
കേളകം: സെൻസസ് വിവരശേഖരണത്തിനായി വീട്ടിലെത്തിയ അധ്യാപികയായ എന്യൂമറേറ്ററെ വളർത്തുനായ ഓടിച്ചു. ഭയന്നോടിയ അധ്യാപികയക്ക് വീണു പരിക്കേറ്റു. ചെട്ടിയാംപറമ്പ് ഗവ. യുപി. സ്കൂൾ അധ്യാപിക ആതിര മോഹനനാണ് പരിക്കേറ്റത്.
ചെട്ടിയാംപറമ്പിലെ ഒരു വീട്ടിൽ സെൻസസ് വിവരശേഖരണത്തിനായി എത്തിയതായിരുന്നു. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വളർത്തുനായ കുരച്ചുകൊണ്ട് ഓടിയെത്തിയതോടെ ഭയന്നോടുന്നതിനിടെ വീണ് കാൽമുട്ടിനും തലയ്ക്കും പരിക്കേൽക്കുകയായിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
സെൻസസ് വിവരശേഖരണത്തിനായി വീടുകളിലെത്തുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വളർത്തുനായകളെ കെട്ടിയിടുകയോ കൂട്ടിലിടുകയോ ചെയ്യണമെന്ന് എന്യുമറേറ്റർമാർ ആവശ്യപ്പെട്ടു.
District News
കൂത്തുപറമ്പ്: നിർമലഗിരികോളജ് 2025-26 അധ്യായന വർഷത്തിൽ ബിരുദതലത്തിലും ബിരുദാനന്തര ബിരുദ തലത്തിലും കണ്ണൂർ യൂണിവേഴ്സിറ്റിയിലും കോളജ് തലത്തിലും ഉന്നതസ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ‘എക്സൽസിയർ 2026' എന്ന പേരിൽ നടന്ന പരിപാടി കോളജിലെ പൂർവ വിദ്യാർഥിയായ പി.കെ. പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അക്കാദമിക തലത്തിലും കായിക മേഖലയിലും നേട്ടം കൈവരിച്ച 140 വിദ്യാർഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. പ്രിൻസിപ്പൽ പ്രഫ. ഡോ. സാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കോളജ് ബർസാർ റവ. ഡോ. തോമസ് കൊച്ചു കരോട്ട് മുഖ്യപ്രഭാഷണം നടത്തി. കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോബി ജേക്കബ്, ഐക്യൂ എസി കോ-ഓർഡിനേറ്റർ റവ. ഡോ. മാർട്ടിൻ ജോസഫ്, സുരേന്ദ്രൻ, ലെഫ്റ്റനെന്റ് കേണൽ ഡോ. കമില്ലോ ജോസഫ്, മഞ്ജുഷ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: മട്ടന്നൂർ-ഇരിട്ടി റോഡിൽ നരയൻപാറയ്ക്കടുത്ത് ഇടയ്ക്കിടെ അപകടമുണ്ടാകുന്ന സ്ഥലം പോലീസ്, മോട്ടോർ വാഹന വകുപ്പ്, പിഡബ്ല്യൂഡി (നിരത്ത്) വിഭാഗങ്ങൾ സംയുക്തമായി 24 ന് പരിശോധന നടത്തണമെന്ന് ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ യോഗത്തിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർദേശിച്ചു. അന്ന് തന്നെ വാരം ടൗണിൽ ഗതാഗതകുരുക്കിനിടയാക്കുന്ന സ്ഥലവും സന്ദർശിക്കണം.
നരയൻപാറയ്ക്കടുത്ത് അപകട സാധ്യത കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കും. ഇവിടെ സുരക്ഷാ ബോർഡുകളും നോ ഓവർടേക്കിംഗ് ബോർഡും റമ്പിൾ സ്ട്രിപ്പുകളും സ്ഥാപിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥൻ യോഗത്തെ അറിയിച്ചു.
കണ്ണൂർ-കക്കാട് മെയിൻ റോഡിൽ സീബ്ര ലൈൻ, സ്കൂൾ സോൺ അടയാള ബോർഡുകൾ, സ്പീഡ് ബ്രേക്കർ എന്നിവ സ്ഥാപിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിർദേശിച്ചിട്ടുണ്ട്. ഇരുവശത്തും നടപ്പാതയില്ലാത്ത ഭാഗത്ത് ഹാൻഡ് റെയ്ലോട് കൂടിയ നടപ്പാത നിർമിക്കണമെന്നും നിർദേശമുണ്ട്. ഈ ഭാഗത്ത് നടപ്പാതയിൽ കൈയേറ്റങ്ങൾ ഉണ്ടെങ്കിൽ അത് മാറ്റണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
ആറോൺ യുപി സ്കൂളിന് മുന്നിലെ റോഡിൽ സ്കൂൾ ഉണ്ടെന്നുള്ളതിന്റെ അറിയിപ്പോ അടയാളങ്ങളോ ഇല്ലെന്നും ഇത് അടിയന്തരമായി സ്ഥാപിക്കണമെന്നും കളക്ടർ നിർദേശിച്ചു.
വളപട്ടണം പാലം-പാപ്പിനിശേരി-പുതിയതെരു ഭാഗത്ത് തെരുവ് വിളക്ക് സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കാൻ വളപട്ടണം ഗ്രാമപഞ്ചായത്തിന് നിർദേശം നല്‍കണം. തലശേരി-കൂത്തുപറമ്പ് റോഡിൽ ഓവുചാലിന്റെ സ്ലാബ് ഇളകി അപകടസാധ്യത ഉയർത്തുന്ന വിഷയത്തിൽ സ്ലാബുകൾ നന്നാക്കുന്ന പ്രവൃത്തി തുടങ്ങിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മറുപടി നൽകി.
യോഗത്തിൽ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ, കിയാൽ സിഒഒ വി.കെ. അശ്വനി കുമാർ, കണ്ണൂർ സിറ്റി എസിപി (നർകോട്ടിക്സ്) വി.എ. സുരേഷ്, പൊതുമരാമത്ത് നിരത്ത്, ദേശീയപാത, മോട്ടോർ വാഹനം, കെഎസ്ആർടിസി, ജലസേചനം, ബിഎസ്എൻഎൽ, തദ്ദേശസ്വയം ഭരണം, പോലീസ്, റവന്യു, വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
District News
ഇരിട്ടി: വൈഎംസിഎ ഇരിട്ടി സബ് റീജണൽ ഭാരവാഹികളുടെ സ്ഥാനാരോഹണവും വാർഷികാഘോഷവും കുടുംബ സംഗമവും വള്ളിത്തോട് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. സബ് റീജണൽ ചെയർമാൻ ജോണി തോമസ് വടക്കേക്കര അധ്യക്ഷത വഹിച്ചു. നാഷണൽ വൈഎംസിഎ എക്സിക്യൂട്ടീവ് അംഗം ഡോ. കെ.എം. തോമസ് മുഖ്യാതിഥിയായിരുന്നു. സൗത്ത് വെസ്റ്റ് ഇന്ത്യ കേരള റീജണൽ വൈസ് ചെയർമാൻ കുര്യൻ തുമ്പുങ്കൽ പുതിയ ഭാരവാഹികൾക്കുള്ള സത്യപ്രതിജ്ഞാ ചടങ്ങ് നിർവഹിച്ചു.
ഫാ. ജോർജ് അച്ചാണ്ടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വൈഎംസിഎ കേരള നോർത്ത് സോൺ കോ-ഓർഡിനേറ്റർ ജെയിംസ് ജോസഫ്, വൈത്തിരി പ്രോജക്ട് ചെയർമാൻ ബിജു തണ്ടിയത്ത്, വയനാട് സബ് റീജണല്‍ ചെയർമാൻ സജി ജോർജ്, നിയുക്ത ചെയർമാൻ സണ്ണി കൂറുമുള്ളംതടം, ഷാജി കല്ലിങ്കൽ, മാനുവൽ പള്ളിക്കമ്യാലിൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: സണ്ണികൂറുമുള്ളംതടം-ചെയർമാൻ, ദേവസ്യ നെല്ലിക്കുന്നേൽ, ജോയൽ ജോബ് മാളേക്കൽ -വൈസ് ചെയർമാൻമാർ, മാനുവൽ പള്ളിക്കമ്യാലിൽ -ജനറൽ കൺവീനർ.
District News
കണ്ണൂർ: കാർഷിക മേഖലയിൽ ആശങ്കപടർത്തി വളങ്ങളുടെ വില വീണ്ടും ഉയരുന്നു. വിളകൾക്ക് ഏറെ ആവശ്യമുള്ള പൊട്ടാഷിന്റെ വില രണ്ടു മാസത്തിനിടെ മൂന്നാം തവണയും കൂടി. കഴിഞ്ഞദിവസം 225 രൂപയാണ് വർധിച്ചത്. 1975 രൂപയുണ്ടായിരുന്ന 50 കിലോഗ്രാം പൊട്ടാഷിന് 2200 രൂപയായി. നേരത്തെ 1750 രൂപയായിരുന്നു. ഇതോടെ പൊട്ടാഷ് അനുബന്ധ കൂട്ടുവളങ്ങൾക്കും 50 മുതൽ 100 വരെ രൂപ കൂടി.
നിലവിൽ വളങ്ങൾക്ക് ക്ഷാമം അനുഭവപ്പെടുന്നില്ലെങ്കിലും വില ഉയരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കും. കേന്ദ്ര സർക്കാർ യൂറിയ ഒഴികെയുള്ള രാസവളങ്ങൾക്ക് നൽകുന്ന സബ്സിഡിയിൽ വൻകുറവ് വരുത്തിയതാണ് വില ഉയരാൻ പ്രധാനകാരണം. 266.50 രൂപയാണ് 45 കിലോഗ്രാം യൂറിയയുടെ വില. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും പശ്ചിമേഷ്യയിലെ സംഘർഷവും പെട്രോൾ വില വർധനയും വില ഉയരാൻ കാരണമായിട്ടുണ്ട്.
ഫാക്ടംഫോസ് (20-20-0-13) 50 കിലോഗ്രാം ബാഗിന് കഴിഞ്ഞ മാർച്ചിന് ശേഷം 625 രൂപയാണ് വർധിച്ചത്. ഇപ്പോൾ 2100 രൂപയാണ് വില. തൊട്ടുമുന്‍പ് 1750 രൂപയും അതിന് മുന്‍പ് 1525 രൂപയ്ക്കുമായിരുന്നു വില്പന. എൻപികെ കോംപ്ലക്സ് (16:16:16) വളത്തിന്റെ വില 2250 രൂപയായി. 2050, 1675 എന്നിങ്ങനെയാണ് വില ഉയർന്നത്. ആറു മാസം മുന്‍പ് 1475 രൂപയുണ്ടായിരുന്നിടത്താണ് 775 രൂപയുടെ വർധന.
ജൈവ വളങ്ങളുടെ വിലയും 50 മുതൽ 150 വരെ രൂപ ഉയർന്നിട്ടുണ്ട്. എല്ലുപൊടി വില 1950 രൂപയിൽ നിന്ന് 2100 രൂപയായി. വിവിധ കന്പനികളുടെ വേപ്പിൻ പിണ്ണാക്കിന് 50 മുതൽ 150 രൂപ വരെ വില വർധിച്ചിട്ടുണ്ട്.
District News
കണിച്ചാർ: കോടമഞ്ഞും നൂൽമഴയും പച്ചപ്പും വെള്ളച്ചാട്ടങ്ങളും ചേർന്ന് മൺസൂൺ ടൂറിസത്തിന്റെ വിരുന്നൊരുക്കി ഏലപ്പീടിക. തലശേരി–ബാവലി അന്തർസംസ്ഥാന പാതയോരത്ത് വയനാടൻ മലനിരകളുടെ താഴ്വരയിലുള്ള ഏലപ്പീടികയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് നൂൽമഴ. കനത്തമഴയ്ക്കു പകരം ശരീരത്തെ പതിയെ നനച്ചുകൊണ്ട് പെയ്യുന്ന ചെറുമഴയും കോടമഞ്ഞും വ്യത്യസ്തമായ അനുഭവമാണ്. അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള മൺസൂൺ കാറ്റുകൾ പശ്ചിമഘട്ട മലനിരകളിൽ തട്ടി രൂപപ്പെടുന്നതാണ് നൂൽമഴ.
മൺസൂൺ സീസണിൽ ട്രക്കിംഗ് പ്രേമികളുടെ ഇഷ്ടകേന്ദ്രമായി മാറുന്ന കുരിശുമല കോടമഞ്ഞ് മൂടിയ കാഴ്ചകളും വിശാലമായ മലനിരകളുടെ ദൃശ്യങ്ങളും സമ്മാനിക്കുന്നു. മലമുകളിൽ നിന്ന് പേരാവൂർ, കണിച്ചാർ, കോളയാട്, കേളകം പഞ്ചായത്തുകളുടെ മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാം. ഏലപ്പീടിക സ്കൂളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന തമ്പുരാൻമലയിലേക്കുള്ള യാത്ര കാടിന്റെ നിശബ്ദതയും മഴനനഞ്ഞ വനപാതകളും നിറഞ്ഞ അനുഭവമാണ്. മലമുകളിൽ നിന്നുള്ള കണ്ണൂർ–വയനാട് അതിർത്തി പ്രദേശങ്ങളുടെ വിസ്മയക്കാഴ്ചകളും സഞ്ചാരികളുടെ മനം കവരും.
പ്രകൃതി ഒരുക്കിയ പാറക്കെട്ടുകളും പച്ചപ്പാർന്ന പുൽമേടുകളും നിറഞ്ഞ ഹിറ്റാച്ചിക്കുന്ന് ഫോട്ടോഗ്രഫർമാരുടെയും പ്രകൃതിസ്നേഹികളുടെയും പ്രിയ ഇടമാണ്. മലയാള ചിത്രം പാൽതു ജാൻവർ ചിത്രീകരിച്ചത് ഇവിടെയായിരുന്നു.
മഴ ശക്തമാകുന്നതോടെ കൂടുതൽ സജീവമാകുന്ന 29-ാം മൈൽ വെള്ളച്ചാട്ടം ഏലപ്പീടികയുടെ മറ്റൊരു പ്രധാന ആകർഷണമാണ്. വയനാടൻ കാടുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പാറകളിലൂടെ പതിക്കുന്ന കാഴ്ചയും സമീപത്തെ ചായക്കടയിൽ നിന്ന് ചൂടുകാപ്പി നുകർന്ന് അത് ആസ്വദിക്കുന്ന അനുഭവവും സഞ്ചാരികൾക്ക് വേറിട്ട ഓർമകളാണ് സമ്മാനിക്കുന്നത്. സമീപത്തെ പൂളക്കുറ്റി അരുവിക്കുഴി വെള്ളച്ചാട്ടവും മഴക്കാല സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്.
വയനാട് ജില്ലയിലെ പേര്യയിൽ നിന്നും കണ്ണൂർ ജില്ലയിലെ നെടുംപൊയിൽ നിന്നും 10 കിലോമീറ്ററാണ് ഏലപ്പീടികയിലേക്ക്. പ്രകൃതിക്ക് കോട്ടമേൽപ്പിക്കാതെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ കണ്ണൂർ ജില്ലയിലെ പ്രധാന മൺസൂൺ ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഏലപ്പീടിക മാറുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു.
District News
കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ ഡെന്റല്‍ വിദ്യാര്‍ഥി തിരുവനന്തപുരം സ്വദേശി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പുതിയ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ണൂരിലെത്തി നടപടികൾ ആരംഭിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കേസ് ഫയലുകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു.
നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെയുള്ള അന്വേഷണങ്ങളിൽ കുടുംബാംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിൽ അവരുടെ മൊഴിയുൾപ്പടെ എടുക്കുമെന്ന് എസ്പി എം.പി.മോഹനചന്ദ്രൻ പറഞ്ഞു. കൂടാതെ കോളജിലെത്തി നിതിൻരാജിന്റെ സഹപാഠികൾ, സുഹൃത്തുക്കൾ, അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൊഴിയും എടുക്കും. നേരത്തെ നടത്തിയ അന്വേഷണത്തിൽ വിട്ടുപോയ കാര്യങ്ങളുണ്ടെങ്കിൽ അക്കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേർത്ത കോളജിലെ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ അറസ്റ്റു ചെയ്യുന്നതിൽ സംഭവിച്ച വീഴ്ചയെ തുടർന്നാണ്ആഭ്യന്തര വകുപ്പ് പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകിയത്. ഡിഐജി അജിതാ ബീഗമാണ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുക. ഡിവൈഎസ്പി ജീവൻ ജോർജിനാണ് അന്വേഷണ ചുമതല.
അതിനിടെ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി പ്രോസിക്യൂഷൻ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ഹർജി കോടതി ഇന്നു പരിഗണിക്കും.
District News
നീലേശ്വരം: മയിച്ചയിൽ കാര്യങ്കോട് പാലത്തിനു സമീപം മണ്ണിട്ടുയർത്തി നിർമിച്ച ദേശീയപാത പൊളിച്ചുമാറ്റി പകരം തൂണുകളോടുകൂടിയ ആകാശപാത പണിയാനുള്ള ദേശീയപാത അഥോറിറ്റിയുടെ തീരുമാനം നീലേശ്വരത്തും പ്രതീക്ഷയാകുന്നു. മയിച്ചയിൽ ചതുപ്പ് പ്രദേശമായതിനാൽ മണ്ണിട്ടുയർത്തിയ പാതയ്ക്ക് ബലമില്ലെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് അത് പൊളിച്ചുമാറ്റി പകരം തൂണുകളോടുകൂടിയ ആകാശപാത നിർമിക്കാൻ ദേശീയപാത അധികൃതർ കരാറുകാരായ മേഘ ഇൻഫ്രാസ്ട്രക്ചറിന് നിർദേശം നൽകിയത്. കാര്യങ്കോട് പാലം മുതൽ മയിച്ച പാലം വരെ 310 മീറ്റർ നീളത്തിലാണ് 11 തൂണുകളോടും 10 സ്പാനുകളോടും കൂടിയ ആകാശപാത നിർമിക്കുക. ഇതിന്റെ രൂപരേഖ തയാറാക്കി ദേശീയപാത അഥോറിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചതായി മേഘ ഇൻഫ്രാസ്ട്രക്ചർ അധികൃതർ അറിയിച്ചു.
ഇതോടൊപ്പം പയ്യന്നൂർ പെരുമ്പ പുഴയ്ക്കു കുറുകെ പണിത പുതിയ പാലത്തിന്റെ ഇരുവശങ്ങളിലും 110 മീറ്റർ വീതം നീളത്തിൽ മണ്ണിട്ടുയർത്തിയ പാത പൊളിച്ചുമാറ്റി ആകാശപാത നിർമിക്കും. തളിപ്പറമ്പ് കീഴാറ്റൂരിൽ നിലവിൽ നിർമിച്ചിട്ടുള്ള ആകാശപാതയ്ക്ക് 10 സ്പാനുകൾ കൂടി കൂടുതലായി നിർമിക്കും. ഇവിടെയും നിലവിൽ മണ്ണിട്ടുയർത്തിയ ഭാഗങ്ങൾ പൊളിച്ചുമാറ്റും. കുപ്പം പുഴയ്ക്കു കുറുകെയുള്ള പഴയ പാലം പൊളിച്ചുമാറ്റി പുതിയത് നിർമിക്കുകയും ഇതിനനുബന്ധമായി തളിപ്പറമ്പ് ഭാഗത്തേക്ക് 700 മീറ്റർ നീളത്തിൽ ആകാശപാത നിർമിക്കുകയും ചെയ്യും.
ഈ നാലിടങ്ങളിലും പുതുതായി ആകാശപാത വരുന്നതോടെ ആകാശപാതയ്ക്കുവേണ്ടി ദീർഘനാളായി സമരം നടക്കുന്ന നീലേശ്വരം മാർക്കറ്റ് ജംഗ്ഷന്റെ കാര്യത്തിലും ദേശീയപാത അഥോറിറ്റിയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. നീലേശ്വരത്ത് ആകാശപാത അനുവദിക്കാനാവില്ലെന്നും പകരം രാജാ റോഡ് ജംഗ്ഷനിലും കോട്ടപ്പുറം റോഡ് ജംഗ്ഷനിലും വീതിയേറിയ അടിപ്പാതകളും പുഴയ്ക്കു കുറുകേ പുതിയ പാലവും അനുവദിക്കാമെന്നുമാണ് നഗരസഭാ കർമസമിതി ഭാരവാഹികൾ ഡൽഹിയിലെത്തി മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉയർന്നുവന്ന ധാരണ. ദേശീയപാത അഥോറിറ്റിയുടെ എൻജിനിയർമാരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്ത് രൂപരേഖ തയാറാക്കുക. മയ്യിച്ചയിൽ നടത്തിയതുപോലെ മണ്ണിന്റെ ബലപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇവിടെ നടത്തിയിട്ടില്ല. കാര്യങ്കോട്, മയിച്ച പ്രദേശങ്ങളുടെ അതേ ഭൂപ്രകൃതിയാണ് നീലേശ്വരത്തുമുള്ളത്. അതുകൊണ്ടുതന്നെ വിദഗ്ധ പരിശോധന നടത്തിയാൽ ഇവിടെയും മണ്ണിട്ടുയർത്തിയ ഭാഗം പൊളിച്ചുമാറ്റി ആകാശപാത പണിയാൻ നിർദേശമുണ്ടാകുമെന്നാണ് പ്രതീക്ഷ. തളിപ്പറമ്പ് കുപ്പം പുഴയുടെ കാര്യത്തിൽ പറഞ്ഞതുപോലെ ഇവിടെയും പുതിയ പാലം പണിയുമ്പോൾ അതുമായി ബന്ധിപ്പിച്ച് ആകാശപാത പണിയാനുള്ള സാഹചര്യമുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നീലേശ്വരത്ത് പുഴയോടു ചേർന്ന ഭാഗത്തെ ചതുപ്പുനിലങ്ങളും തോടുകളും മണ്ണിട്ടു നികത്തിക്കൊണ്ട് നടത്തുന്ന അശാസ്ത്രീയമായ ദേശീയപാത നിർമാണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു നിവേദനം നൽകിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ അടിയന്തരമായി നടപടികൾ കൈക്കൊള്ളാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടർക്കും ദേശീയപാത അഥോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ട്.
ഈ നടപടികളും മണ്ണിട്ടുയർത്തിയ ഭാഗം പൊളിച്ചുമാറ്റി ആകാശപാത നിർമിക്കുന്നതിന് അനുകൂലമായിത്തീരുമെന്നാണ് പ്രതീക്ഷ.
District News
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോട് പുഷ്പഗിരി റോഡ്, രാജഗിരി റോഡ് മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. രണ്ടാഴ്ച മുന്‍പ് സമാനമായ ആക്രമണം നടന്നതിന് പിന്നാലെയാണ് കാട്ടാനകൾ സംഘമായെത്തി വീണ്ടും കാർഷികവിളകൾ നശിപ്പിച്ചത്. സദാനന്ദൻ കടുപ്പിൽ, പുൽപ്പറമ്പിൽ ടോമി, സുബ്രഹ്മണ്യൻ മുരുകവിലാസം, ഷാന്റി വാക്കാതുരുത്തേൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്.
വാഴ ഉൾപ്പെടെയുള്ള വിവിധ കാർഷികവിളകൾ നശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. രണ്ടാഴ്ച മുന്‍പ് മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനംവകുപ്പും നാട്ടുകാരും ചേർന്ന് വനത്തിലേക്ക് തുരത്തിയിരുന്നെങ്കിലും ആഴ്ചകൾക്കുശേഷം അവ വീണ്ടും ജനവാസ മേഖലയിലെത്തുകയായിരുന്നു.
ആറളം വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന വാളത്തോട് മേഖലയിൽ സോളാർ വേലിയോ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങളോ ഇല്ലാത്തതാണ് കാട്ടാനശല്യം രൂക്ഷമാക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒന്നര കിലോമീറ്റർ വരുന്ന വനാതിർത്തിയിലൂടെയാണ് ആനകൾ പതിവായി ജനവാസ മേഖലയിലേക്ക് എത്തുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരമായി പഞ്ചായത്തും വനംവകുപ്പും പ്രദേശവാസികളും ചേർന്ന ജനകീയ കമ്മിറ്റി യോഗത്തിൽ താത്കാലിക വേലി നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പത്തുദിവസം മുന്‍പ് പ്രദേശവാസികൾ അടിക്കാടുകൾ വെട്ടിമാറ്റി സ്ഥലം ഒരുക്കിയെങ്കിലും നിർമാണപ്രവർത്തനം ആരംഭിച്ചിട്ടില്ല.
വനംവകുപ്പിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് താത്കാലിക വേലി സ്ഥാപിക്കാനും ആവശ്യമായ റോപ്പും മറ്റ് സാമഗ്രികളും പഞ്ചായത്ത് ലഭ്യമാക്കാനുമായിരുന്നു തീരുമാനം. താത്കാലിക വേലി അടിയന്തരമായി നിർമിക്കുമെന്ന വനംവകുപ്പിന്റെ ഉറപ്പ് പാലിക്കാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്.
District News
കാസര്‍ഗോഡ്: മൊഗ്രാല്‍പുത്തൂരിലെ കല്ലങ്കൈ എഎല്‍പി സ്കൂള്‍ ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തേക്ക് തള്ളി നില്ക്കുന്ന സ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റി. പൊന്നും വിലയ്ക്കെടുത്ത് നഷ്ടപരിഹാരം നല്കിയ കെട്ടിടഭാഗം മാനേജര്‍ പൊളിച്ചു മാറ്റാന്‍ തയാറാകാത്തതിനെതുടര്ന്നാണ് കളക്ടറുടെ നിര്‍ദേശപ്രകാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തൊഴിലാളികള്‍ പൊളിച്ചുനീക്കിയത്.
ദേശീയപാത സര്‍വീസ് റോഡില്‍ മണ്ണിടിച്ചില്‍ തുടരുന്ന കല്ലങ്കൈ എഎല്‍പി സ്കൂള്‍ കെട്ടിടത്തിന്റെ അപകട ഭീഷണിയെ കുറിച്ച് കളക്ടര്‍ക്ക് ലഭിച്ച പരാതിയെതുടര്‍ന്ന് കാസര്‍ഗോഡ് ആര്‍ഡിഒ എം.എസ്.വിജുകുമാര്‍ സ്ഥലപരിശോധ നടത്തിയിരുന്നു. സ്കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഏതു നിമിഷവും റോഡിലേക്ക് തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലാണെന്ന് സ്ഥല സന്ദര്‍ശനത്തിന് ശേഷം ആര്‍ഡിഒ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ കെട്ടിടത്തില്‍ നിലവില്‍ ക്ലാസുകള്‍ നടക്കുന്നില്ല. എന്നാല്‍ സമീപത്തെ മദ്രസയില്‍ പഠിക്കുന്ന 80 ഓളം കുട്ടികള്‍ ഈ റോഡിലൂടെയാണ് പോകുന്നത്.
District News
ഗുരുവായൂർ: കോഴിക്കോട് ആസ്ഥാനമായ മൊഴി പബ്ലിക്കേഷൻസിന്റെ കതിർ പുരസ്കാരത്തിന് എഴുത്തുകാരൻ തുളസിദാസ് കോട്ടപ്പടി അർഹനായി. തുളസീദാസിന്റെ നീലക്കണ്ണുള്ള പാവക്കുട്ടി എന്ന ചെറുകഥാ സമാഹാരമാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. പ്രത്യേകം തയാറാക്കിയ ശില്പവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ഓഗസ്റ്റ് അവസാനവാരം ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
District News
വാടാനപ്പിള്ളി: സമയക്രമത്തെചൊല്ലി സ്വകാര്യബസിലെ ജീവനക്കാർ പരസ്പരം ഏറ്റുമുട്ടി. കൊടുങ്ങല്ലൂർ - തൃശൂർ റൂട്ടിലോടുന്ന വഴിനടക്കൽ ബസിലെയും തൃശൂർ - തൃപ്രയാർ റൂട്ടിലോടുന്ന തേവർ കർണൻ ബസിലെയും ജീവനക്കാരാണ് പരസ്പരം ഏറ്റുമുട്ടിയത്.
ബസ് ജീവനക്കാരായ കാഞ്ഞാണി ആനക്കാട് സ്വദേശി പള്ളിപ്പാട്ട് വീട്ടിൽ ശരത്ത് വിഷ്ണു (24), മണലൂർ സ്വദേശി തുരുത്തി വീട്ടിൽ അഖിൽ (24), അരിമ്പൂർ കരുവാൻ വളവ് സ്വദേശി കോലാട്ട് വീട്ടിൽ പ്രശാന്തൻ (30) എന്നിവരെ വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 11.55ഓടെയാണ് സംഭവം. വാടാനപ്പിള്ളി സെന്ററിലെ തൃശൂർ റോഡിൽ തൃശൂർ ബസ് സ്റ്റോപ്പിന് സമീപമാണ് സംഘർഷമുണ്ടായത്. പൊതുസ്ഥലത്ത് യാത്രാതടസം സൃഷ്ടിക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്ത ബസ് ജീവനക്കാരെ പട്രോളിഗ് ഡ്യൂട്ടിയിലായിരുന്ന വാടാനപ്പിള്ളി പോലീസ് അറസ്റ്റു ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
സബ് ഇൻസ്പെക്ടർ യു.സി.ലാൽസൺ, ജിഎസ് സിപിഒ ലെനിൻ, സിപിഒ നൗഫൽ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
District News
തൃശൂർ: സെന്റ് തോമസ് കോളജ് റോഡിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കണമെന്നാവശ്യപ്പെട്ട് സെന്റ് തോമസ് കോളജ് പൂർവവിദ്യാർഥി സംഘടന (സ്റ്റാഴ്സ്), പൂർവ വിദ്യാർഥികൂടിയായ മന്ത്രി സി.പി. ജോണിനു നിവേദനം നൽകി. സെന്റ് തോമസ് കോളജ്, സെന്റ് മേരീസ് കോളജ്, സേക്രഡ് ഹാർട്ട് സ്കൂൾ, മോഡൽ ബോയ്സ് സ്കൂൾ എന്നിവിടങ്ങളിലേക്കു നിരവധി വിദ്യാർഥികൾ റോഡ് ക്രോസ് ചെയ്യേണ്ട, വാഹനത്തിരക്കേറിയ ഈ ഭാഗത്ത് അപകടസാധ്യത കൂടുതലാണ്.
സീബ്ര ലൈൻ ഉണ്ടെങ്കിലും പല വാഹനങ്ങളും നിയമം പാലിക്കുന്നില്ലെന്ന് സ്റ്റാഴ്സ് ഭാരവാഹികൾ അറിയിച്ചു. സീബ്ര ലൈനിലെ നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും ഫുട്ട് ഓവർ ബ്രിഡ്ജിന്റെ കാര്യം പ്രാധാന്യത്തോടെ പരിഗണിക്കാമെന്നും മന്ത്രി ഉറപ്പുനൽകി.
എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, സ്റ്റാഴ്സ് പ്രസിഡന്റ് സി.എ. ഫ്രാൻസിസ്, സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, സി.വി. അജി, സോണി ജോസ്, ജോയ് തോട്ടാൻ, പി.ജെ. വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണു മന്ത്രിക്കു നിവേദനം നൽകിയത്.
District News
തൃശൂർ: അതിരൂപതയുടെ സാമൂഹികക്ഷേമവിഭാഗമായ സാന്ത്വനവും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സഹകരിച്ച് നിർമാണം പൂർത്തിയാക്കിയ 38 വീടുകളുടെ താക്കോൽദാനച്ചടങ്ങും രണ്ടാംഘട്ടമായി ഈ വർഷത്തെ അന്‍പതു വീടുകളുടെ പദ്ധതി ഉദ്ഘാടനവും നടത്തി. കാത്തലിക് പാസ്റ്റർ സെന്ററിൽ നടന്ന ചടങ്ങ് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീവാ താക്കോൽ വിതരണം നടത്തി. രണ്ടാംഘട്ട ഭവനപദ്ധതിയുടെ ഉദ്ഘാടനം ജോയിന്റ് ഡയറക്ടർ ബി. ജയരാജ് നിർവഹിച്ചു. സാന്ത്വനം ഡയറക്ടർ ഫാ. ജോജു ആളൂർ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഡയറക്ടർ എസ്.എം. വിനോദ്, മാനേജർ ജി. ദീപക്, സാന്ത്വനം അസോസിയേറ്റ് ഡയറക്ടർ ഡോ. ഫാ. ജോസ് വട്ടക്കുഴി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബെൻവിൻ തട്ടിൽ, പ്രോജക്ട് കോ-ഓർഡിനേറ്റർ സിസ്റ്റർ ജീസ്മരിയ എന്നിവർ പങ്കെടുത്തു.
District News
ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് കുറഞ്ഞ നിരക്കിൽ മികച്ചതാമസ സൗകര്യം ഒരുക്കുന്നതിനായി നവീകരിച്ച കൗസ്തുഭം റസ്റ്റ് ഹൗസിന്റെ സമർപ്പണം 28ന് നടക്കും. രാവിലെ ഒമ്പതിന് ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അധ്യക്ഷനാകും.എൻ.കെ അക്ബർ എംഎൽഎ, ദേവസ്വം കമ്മീഷണർ എം.ജി.രാജമാണിക്കം, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, കളക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
കൗസ്തുഭം റസ്റ്റ് ഹൗസിൽ 97 മുറികളാണുള്ളത്. ഇതിൽ 31 എണ്ണം എസി മുറികളാണ്. 13.30 കോടി ചിലവഴിച്ച് ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പ്രവർത്തി പൂർത്തീകരിച്ചത്. പാഞ്ചജന്യം, പാഞ്ചജന്യം അനക്സ്, ശ്രീവത്സം, ശ്രീവത്സം അനക്സ്, കൗസ്തുഭം ഉൾപ്പെടെ ദേവസ്വം ലോഡ്ജുകളിൽ 400 ഓളം മുറികളാണുള്ളത്.
District News
പുന്നംപറമ്പ്: കാലവർഷം ശക്തിപ്രാപിച്ചിട്ടും ജില്ലയിലെ പ്രധാന ജലസ്രോതസായ വാഴാനി ഡാമിൽ വെള്ളം എത്താത്തതിനെ തുടർന്ന് ഇറിഗേഷന്റെ ഉയർന്ന ഉദ്യോഗസ്ഥർ വാഴാനി വനത്തിലെത്തി പ്രധാന ചോലകൾ ഡാമിലേക്ക് തുറന്നു വിട്ടു. കഴിഞ്ഞ ദിവസം രാവിലെ ഇറിഗേഷൻ വകുപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥരാണ് ഡാമിന്റെ 10 കിലോമീറ്റർ ഉൾവനത്തിലെത്തി ഡാമിലേക്ക് പ്രധാനമായും വെള്ളം എത്തുന്ന കക്കുചോല ഉൾപ്പടെയുള്ള ചോലകൾ തുറന്നു വിട്ടത്. ഇതോടെ വരും ദിവസങ്ങളിൽ പെയ്യുന്ന മഴ ഡാമിലെ വെള്ളത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും.
വേനൽകാലത്ത് ഡാമിനെ ആശ്രയിച്ച് ആയിരക്കണക്കിനു കുടുംബങ്ങളാണ് കുടിവെള്ളത്തിനായി കാത്തിരിക്കാറുള്ളത്. കൂടാതെ ഏക്കർ കണക്കിനു കൃഷിയിടങ്ങളും ഈ ഡാമിലെ വെള്ളത്തെയാണ് ആശ്രയിക്കാറുള്ളത്. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരായ അസി.എൻജിനിയർ പി.എസ്. സാൽവിൻ, ഓവർസിയർ വിവേക് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇതിൽ പങ്കെടുത്തത്. ഡാമിന്റെ ജലസംഭരണശേഷി 62.48 മീറ്റർ ആണ്. എന്നാൽ ഇപ്പോൾ ഡാമിലെ വെള്ളത്തിന്റെ അളവ് 51.14 മീറ്റർ മാത്രമാണ്. അതുകൊണ്ടുതന്നെ ഡാം തുറന്നുവിടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു.
District News
കൊടുങ്ങല്ലൂർ: നഗരസഭയിൽ കുടുംബശ്രീയുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തെ തുടർന്നു പ്രതിപക്ഷ ബഹളം. ചെയർപേഴ്സൺ യോഗം പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ ബിജെപി അംഗങ്ങൾ നഗരസഭാമന്ദിരത്തിനു മുന്നിൽ ധർണനടത്തി.
അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ടി.എസ്. സജീവന്റെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിക്ക് നിവേദനംനൽകി. നഗരസഭയിലെ ഒന്നാംനമ്പർ സിഡിഎസിൽ സാമ്പത്തിക ആരോപണം ഉന്നയിച്ച് യോഗം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അജൻഡ ചർച്ചചെയ്ത് അംഗീകരിച്ചശേഷം പരിഗണിക്കാമെന്ന് ചെയർപേഴ്സൺ ഹണി പീതാംബരൻ അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. തുടർന്ന് ബിജെപിയുടെ പ്രതിഷേധം ഭരണ, പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്കേറ്റത്തിലും ബഹളത്തിലും കലാശിക്കുകയായിരുന്നു. 2025-26 ലെ സിഡിഎസ് ഓഡിറ്റ് ഇനിയും പുറത്തുവരാത്ത സാഹചര്യത്തിൽ പ്രതിപക്ഷം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നഗരസഭാ നടപടികൾ തടസപ്പെടുത്തുന്നത് വികസനപ്രവർത്തനങ്ങൾ തടസപ്പെടുത്താൻവേണ്ടി മാത്രമാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.
District News
ഇരിങ്ങാലക്കുട: മദ്യലഹരിയില്‍ അശ്രദ്ധമായി ബസ് ഓടിച്ച ഡ്രൈവറെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ -തൃശൂര്‍ റൂട്ടിലോടുന്ന തോംസണ്‍ ബസിന്റെ ഡ്രൈവറായ കണിമംഗലം വില്ലേജ് പനമുക്ക് റൈസ് മില്‍ സമീപം കുരുതുകുളങ്ങര വീട്ടില്‍ സിജിത്ത് (37)ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 9.05ന് ആണ് സംഭവം. കൊടുങ്ങല്ലൂരില്‍നിന്നു തൃശൂര്‍ ഭാഗത്തേക്ക് വരുന്ന തോംസണ്‍ ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് പോലീസ് സംഘം ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പകരം യാത്രാസൗകര്യം ഏര്‍പ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്തു കേസെടുത്തു. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഇരിങ്ങാലക്കുട സിഐ ടി. ദിലീഷ്, എസ്ഐ എം.എന്‍. മനോജ്, ജിഎസ്ഐ മുഹമ്മദ് റാഷി, സിപിഒ ജോവിന് ജോയ് എന്നിവരടങ്ങുന്ന സംഘമാണ് സിജിത്തി നെ അറസ്റ്റ് ചെയ്തത്.
District News
കൊരട്ടി: മേലൂർ പൂലാനിയിലെ കള്ളുഷാപ്പിൽ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും നാശനഷ്ടം വരുത്തുകയുംചെയ്ത കേസിൽ രണ്ട് സ്റ്റേഷൻ റൗഡികളടക്കം മൂന്നുപേരെ കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു.
കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള മേലൂർ പൂലാനി സ്വദേശി തെക്കൂടൻ വീട്ടിൽ അൻവിൻ(35), കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള കൊടകര വട്ടേക്കാട് കല്ലിങ്ങപ്പുറം സ്വദേശി സുധീഷ്(36), പുതുക്കാട് ആനന്ദപുരം നെടുമ്പള്ളി വീട്ടിൽ സുബീഷ്(40) എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കിലെത്തിയ പ്രതികൾ കള്ള് ആവശ്യപ്പെട്ടെങ്കിലും കൈയിൽ പണമില്ലെന്ന് മനസിലാക്കിയ ഷാപ്പ് മാനേജർ പണംനൽകിയശേഷം കള്ള് നൽകാമെന്ന് അറിയിക്കുകയായിരുന്നു.
ഇതിലുള്ള വിരോധത്തെ തുടർന്ന് പ്രതികൾ ഷാപ്പിൽ സൂക്ഷിച്ചിരുന്ന കള്ള് മറിച്ചുകളയുകയും കുപ്പികൾ പൊട്ടിക്കുകയും വാതിൽ ചവിട്ടിപ്പൊളിക്കുകയുംചെയ്തു. ഏകദേശം 5,000 രൂപയുടെ നഷ്ടംവരുത്തിയതായി പോലീസ് പറഞ്ഞു.
സംഭവം തടയാൻ ശ്രമിച്ച ഷാപ്പ് മാനേജർ കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്വദേശി മനോഹരനെ(65) പ്രതികൾ കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തുനിന്നുതന്നെ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ സുധീഷ് 19 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പോലീസ് അറിയിച്ചു. അൻവിൻ 15 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കി.
കൊരട്ടി എസ്എച്ച്ഒ എ. ഹബീബുള്ളയുടെ നേതൃത്വത്തിൽ എസ്ഐമാരായ അരുൺ, സി.എസ്. ഷിബു, എഎസ്ഐമാരായ നാഗേഷ്, ജോയ്, സിപിഒ ഷാജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
District News
ഇരിങ്ങാലക്കുട: നടന് ടൊവിനോ തോമസ് ഡല്‍ഹിയില്‍ നടന്ന സമരത്തെ അനുകൂലിച്ചുനടത്തിയ പ്രതികരണത്തിനെതിരേ യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വായ്മൂടികെട്ടി പ്രതിഷേധം സംഘടിപ്പിച്ചു.
ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ നടത്തിയ പ്രതിഷേധം യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ആശിഷ ടി. രാജ് ഉദ്ഘാടനംചെയ്തു.
യുവമോര്‍ച്ച ആളൂര്‍ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അശ്വന്ത്, മണ്ഡലം സെക്രട്ടറി ശ്രീമോന്, യുവമോര്‍ച്ച നേതാക്കളായ അഭിനവ്, രാഹുല്‍, പ്രഫുല്‍ തുടങ്ങിയവര്‍ നേതൃത്വംനല്കി.
District News
പടിയൂര്‍: പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയായി.
പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. കൈവരികള്‍ അടക്കമുള്ള പണികള്‍ കഴിയാനുണ്ട്. വൈകാതെ അതും പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. നാലമ്പല തീര്‍ഥാടനകാലത്ത് പായമ്മല്‍ ശത്രുഘ്ന ക്ഷേത്രത്തിലെ ദര്‍ശനത്തിനുശേഷം ഭക്തജനങ്ങളുടെ വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോകുക. പായമ്മല്‍ ക്ഷേത്രത്തില്‍നിന്ന് പടിയൂര്‍, എടതിരിഞ്ഞി റോഡിലേക്ക് എളുപ്പമെത്താന്‍ കഴിയുമെന്നതിനാല്‍ പടിഞ്ഞാറന്‍ മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകുന്നതാണ് ഈ റോഡും പാലവും. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തെയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പടിയൂര്‍, പൂമംഗലം കോള്‍പ്പാടത്തിനു നടുവിലൂടെ കടന്നുപോകുന്ന തോടിനുകുറുകെയാണ് പാലം.
1.62 കോടി രൂപ ചെലവഴിച്ച് ഒന്‍പതുമീറ്റര്‍ വീതിയിലാണ് പാലം നിര്‍മിച്ചത്. 2025 മേയില്‍ പാലത്തിന്റെ പില്ലര്കാപ്പ് നിര്‍മാണത്തില്‍ അപാകം കണ്ടതിനെത്തുടര്‍ന്ന് പൊതുമരാമത്തു വകുപ്പ് പാലം നിര്‍മാണം നിര്‍ത്തിവച്ചിരുന്നു.
പിന്നീട് പഴയ കരാര്‍ റദ്ദാക്കി അപാകം കണ്ടെത്തിയ ഭാഗം പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിച്ചു. ഫെബ്രുവരിയിലാണ് പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചത്. 88 ലക്ഷത്തിന്റെ പണികളാണ് ശേഷിച്ചിരുന്നത്. കാസര്‍കോട്ടുള്ള സിഎച്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്.
District News
കൊരട്ടി: ചിറങ്ങരയ്ക്കും പൊങ്ങത്തിനും ഇടയിൽ തൃശൂർ ഭാഗത്തേക്ക് പോകുന്നതിനിടെ ദേശീയപാതയിൽ നിയന്ത്രണംവിട്ട് മിനിലോറി മറിഞ്ഞു.
ചിറങ്ങരയിൽ പുതിയ അടിപ്പാതയുടെ പ്രവേശനകവാടത്തിനു സമീപം ഇന്നലെരാവിലെ ആറുമണിയോടെയായിരുന്നു അപകടം. ആർക്കും പരിക്കേറ്റില്ല.
District News
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കെമിസ്ട്രി സ്വാശ്രയ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 2026 - 27 അധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ക്കായി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.
ഗവേഷണ മേഖലയിലെ വിവിധ സാധ്യതകള്‍, ഉന്നത വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍ എന്നിവയെക്കുറിച്ച് കോളജിന്റെ പൂര്‍വവിദ്യാര്‍ഥിയും പട്ടാമ്പി ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളജ് പ്രിന്‍സിപ്പലുമായ പ്രഫ.ഡോ.പി.ആര്. ജോണ്‍ ക്ലാസ് നയിച്ചു. ഗവേഷണത്തിലെ സാങ്കേതിക പ്രവണതകള്‍ എന്ന വിഷയത്തില്‍ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളജ് അസി.പ്രഫസര്‍ ഡോ. സന്തോഷ് പോള്‍ ക്ലാസെടുത്തു.
കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, കെമിസ്ട്രി വിഭാഗം മെന്റര്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, കോഓര്‍ഡിനേറ്റര്‍ കെ.എ. ഗ്രീനി, ഡോ.വി.ബി. ഭാഗ്യേഷ്, ഡോ. മെറില്‍ ഷെല്ലി എന്നിവര്‍ പങ്കെടുത്തു.
District News
തൃശൂർ: അമല ഹോസ്പിറ്റലിലെ പബ്ലിക് റിലേഷൻസ് ഓഫീസർ ജോസഫ് വർഗീസിന് ആരോഗ്യമേഖലയിലെ ദീർഘകാല സേവനത്തിനും സമഗ്ര സംഭാവനയ്ക്കുമുള്ള റോട്ടറി ക്ലബ് ഓഫ് തൃശൂർ വെസ്റ്റിന്റെ പുരസ്കാരം. എലൈറ്റ് ഹോട്ടലിൽ റോട്ടറി ക്ലബ് മെന്പർമാർ പങ്കെടുത്ത ചടങ്ങിൽ പുരസ്കാരം സമർപ്പിച്ചു.
District News
തൃശൂർ: വിജിലൻസിന്റെ പ്രോജക്ട് സീറോ സംസ്ഥാനതല മിന്നൽ പരിശോധനയുടെ ഭാഗമായി ജില്ലയിലെ അഞ്ചു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് റെയ്ഡ്.
ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ തൃശൂർ കോർപറേഷൻ, കുന്നംകുളം, കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റികൾ, ചേർപ്പ്, തളിക്കുളം ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കെട്ടിടനിർമാണ വിഭാഗത്തിലായിരുന്നു പരിശോധന. കെട്ടിട നിർമാണ അനുമതി, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നന്പർ അനുവദിക്കൽ, കെട്ടിടനികുതി നിർണയം, അനധികൃത നിർമാണങ്ങളുടെ ക്രമവത്കരണം തുടങ്ങിയവയാണു പരിശോധിച്ചത്. ഇന്നലെ രാവിലെ പത്തരയ്ക്ക് ആരംഭിച്ച റെയ്ഡ് മണിക്കൂറുകൾ നീണ്ടു.
സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിടനിർമാണാനുമതി നൽകുന്നു മുതലുള്ള നടപടിക്രമങ്ങളിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി വിജിലൻസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആറു മുനിസിപ്പൽ കോർപറേഷനുകളിലും തെരഞ്ഞെടുത്ത 30 മുനിസിപ്പാലിറ്റികളിലും 24 ഗ്രാമപഞ്ചായത്തുകളിലുമായി 68 ഓഫീസുകളിലാണ് ഇന്നലെ ഒരേസമയം പരിശോധന നടത്തിയത്.
District News
തൃശൂർ: ജില്ലയിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മിന്നൽ പരിശോധന. ഗുരുതര നിയമലംഘനം കണ്ടെത്തിയ വിവിധ സ്ഥാപനങ്ങൾക്ക് ആകെ 1.5 ലക്ഷം രൂപ പിഴ ചുമത്തി. ശുചിത്വക്കുറവുകൾ കണ്ടെത്തിയ 126 സ്ഥാപനങ്ങൾക്കു പോരായ്മകൾ പരിഹരിക്കാൻ ലീഗൽ നോട്ടീസ് അയച്ചു. ദേശീയ പുകയില നിയന്ത്രണനിയമം ലംഘിച്ച സ്ഥാപനങ്ങളിൽനിന്നും പൊതുസ്ഥലങ്ങളിൽ പുകവലിച്ചവരിൽനിന്നുമായി 11,800 രൂപ പിഴയീടാക്കി.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ജില്ലാ സർവൈലൻസ് ഓഫീസർ, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് എന്നിവരുടെ നേതൃത്വത്തിൽ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, കാറ്ററിംഗ് യൂണിറ്റുകൾ, വഴിയോരക്കച്ചവടകേന്ദ്രങ്ങൾ തുടങ്ങി മൊത്തം 1,151 സ്ഥാപനങ്ങളിലാണു പരിശോധന നടത്തിയത്.
District News
പട്ടിക്കാട്: പീച്ചിയിൽ ഭൂമിക്കടിയിൽനിന്നുള്ള ഉഗ്രശബ്ദവും പ്രകന്പനവും വീണ്ടുമുണ്ടായതോടെ മേഖലയിൽ ഭൂവിജ്ഞാന വകുപ്പിന്റെയും ദുരന്തനിവാരണ അഥോറിറ്റിയുടെയും അടിയന്തര പരിശോധന വേണമെന്ന് നാട്ടുകാർ. റിക്ടർ സ്കെയിലിൽ രേഖപ്പെടുത്താത്ത ചെറിയ പ്രകന്പനമാണെന്ന് ലഘൂകരിക്കാതെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ 8.45നും ഒന്‍പതിനും ഇടയിലാണ് ഭൂമിക്കടിയിൽനിന്ന് ശക്തമായ മുഴക്കം വീണ്ടും ഉണ്ടായത്. വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന്, പീച്ചി പ്രദേശങ്ങളിലാണ് ശബ്ദം കേട്ടത്. വലിയ ഇടിമുഴക്കം പോലെയും ട്രക്ക് പോകുന്നതുപോലെയുമുള്ള ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ചില വീടുകളിൽ ഫാനുകളും ജനലുകളും കുലുങ്ങിയതായും പറയുന്നു.
കഴിഞ്ഞ ദിവസമുണ്ടായ പ്രകന്പനത്തിൽ പീച്ചി മേഖലയിലെ പതിമൂന്നു വീടുകൾക്ക് വിള്ളലുണ്ടായി. പ്രകന്പനവും ഭൂചലനവും തുടർച്ചയായതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. വലിയ ഭൂകന്പമുണ്ടാകുമെന്ന ആശങ്കയിൽ ഉറങ്ങാൻ ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി എന്തു സംഭവിക്കുമെന്ന ഭീതി നാട്ടുകാർക്കുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ആറിനു ശേഷമാണ് പ്രകന്പനവും വലിയ ശബ്ദവുമുണ്ടായത്. ഡാമിനു സമീപം പള്ളിക്കുന്ന്, ജണ്ടമുക്ക്, മനയ്ക്കപ്പാടം, തെക്കേക്കുളം എന്നിവിടങ്ങളിലുണ്ടായ പ്രകന്പനത്തിൽ വീടുകൾക്ക് വിള്ളലുകളുണ്ടായി. പള്ളിക്കുന്നിൽ പത്തു വീടുകൾക്കും ജണ്ടമുക്കിൽ ഒരു വീടിനും, മനയ്ക്കപ്പാടത്തെ രണ്ടു വീടുകൾക്കും വിള്ളലുകളുണ്ടായി. പള്ളിക്കുന്ന് മങ്കമത്തിൽ ശശി, തലക്കോട്ടൂർ ലോനക്കുട്ടി, കാട്ടിപ്പറന്പിൽ സൈമണ്‍, കാഞ്ഞിരത്തിങ്കൽ ഷാജി, തെക്കേക്കര തങ്കായി കുര്യൻ, വേലംകുടി ശാന്ത, ചിറയത്ത് ഡേവിഡ്, മേക്കര സുഭാഷ്, തടത്തിൽ രാജൻ, തെക്കേക്കുളത്തിൽ ലക്ഷ്മി, ചിറ്റിലപ്പിള്ളി ലോനപ്പൻ, മനയ്ക്കപ്പാടം കല്ലിങ്കൽ നാരായണൻ നായർ, തെക്കേക്കര എബി എന്നിവരുടെ വീടുകളിലാണ് വിള്ളലുകൾ കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയും ഭൂമിക്കടിയിൽ മുഴക്കമുണ്ടായി. തുടർന്ന് ജണ്ടമുക്ക് തെക്കേക്കര വീട്ടിൽ ജിനേഷിന്റെ വീട്ടിലെ കുഴൽക്കിണറിൽ ചെളിവെള്ളം നിറഞ്ഞതായും നാട്ടുകാർ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷങ്ങളിലും പല തവണ ചെറുചലനങ്ങളും മുഴക്കവും അനുഭവപ്പെട്ടിരുന്നു. ഒരാഴ്ചയുടെ ഇടവേളയിൽ രണ്ടു പ്രകന്പനങ്ങളുണ്ടായതും ഓരോ വർഷവും ഭൂചലനങ്ങൾ ഉണ്ടാകുന്നതുമാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.
District News
പട്ടിക്കാട്: ഇന്നലെ രാവിലെ ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കം കേട്ടതോടെ ഭയന്ന് മുറിയിൽനിന്ന് കുഞ്ഞുമായി പുറത്തേക്കോടിയെന്ന് പ്രദേശവാസിയായ സൗമ്യ പറഞ്ഞു. പള്ളിക്കുന്ന് ഭാഗത്തു വീടിനു സാരമായ കേടുപാടുകൾ സംഭവിച്ച ചിറ്റിലപ്പിള്ളി ലോനപ്പന്റെ മരുമകളാണ് സൗമ്യ അജീഷ്. ഈ പ്രദേശത്ത് ഇരുപതോളം വീടുകൾക്കാണ് വിള്ളലുകൾ സംഭവിച്ചത്. കൂടുതൽ വീടുകൾക്കു നാശമുണ്ടായതും ഇവിടെയാണ്.
പീച്ചി ഡാമിലേക്ക് ഇവിടെനിന്ന് 200 മീറ്റർ ദൂരം മാത്രമേയുള്ളൂ. ഭൂചലനത്തിന്റെ തീവ്രത കൂടിയാൽ അത് ഡാമിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ മേഖലയിൽ ഇത്തരത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്രയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുന്നത് ഇതാദ്യമായാണ്. കേടുസംഭവിച്ച വീടുകൾക്ക് അടിയന്തരസഹായം നൽകുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ സന്ധ്യാ ഷാജി ആവശ്യപ്പെട്ടു.
District News
തൃശൂർ: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ കോലത്തിലേക്ക് പ്രതീകാത്മകമായി മുട്ടയെറിഞ്ഞു പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. ഏജീസ് ഓഫീസിനു മുന്നിൽ നടന്ന തൃശൂർ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ സദസിലാണ് സംഭവം.
ജ്യത്തെ വിദ്യാഭ്യാസ സംവിധാനങ്ങളുടെ തകർച്ചയിലും നീറ്റ് പരീക്ഷാ ക്രമക്കേടിലും കേന്ദ്രസർക്കാരിനെ ചോദ്യംചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റു നേതാക്കളെയും വിദ്യാർഥികളെയും ക്രൂരമായി മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് മുട്ടയേറ് നടത്തിയത്. തുടർന്ന് കോടികൾ കോഴ വാങ്ങി പരീക്ഷകൾ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനുള്ള പണച്ചാക്ക് ഏജീസ് ഓഫീസിന് മുന്നിൽ സമർപ്പിച്ചും പ്രതിഷേധമറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഹരീഷ് മോഹൻ അധ്യക്ഷത വഹിച്ചു.
District News
തൃശൂർ: ഇന്ത്യയുടെ ഭാവി നിർണയിക്കുന്ന വിദ്യാർഥി സമൂഹത്തെ ഒഴിവാക്കി മോദി ഭരണകൂടത്തിനു മുന്നോട്ടു പോകാനാകില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വിദ്യാഭ്യാസത്തിന്റെ മഹത്വമറിയാത്ത ഭരണാധികാരികളാണ് രാജ്യത്തെ അനീതിക്കു പിന്നിൽ. ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതുകൊണ്ട് സമരത്തിൽനിന്ന് ആരും പിന്നോട്ട് പോകില്ലെന്നും നീതി ലഭിക്കുന്നതുവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരം നയിച്ച വിദ്യാർഥികളെയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ ജില്ലാതല ഉദ്ഘാടനം അയ്യന്തോളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.സുരേഷ്, നേതാക്കളായ കെ. രാമനാഥൻ, വത്സല ബാബുരാജ്, സാജൻ ജോർജ്, കെ. സുമേഷ്, സുനിതാ വിനു, രാമചന്ദ്രൻ പുതൂർക്കര, ശ്രീലാൽ ശ്രീധർ, ഹരിത്ത് ബി. കല്ലുപ്പാലം, കെ.ജി. ഉണ്ണിക്കൃഷ്ണൻ, എം.എം. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: അക്ഷയകേന്ദ്രങ്ങൾ കെട്ടിടങ്ങളുടെ താഴത്തെ നിലയിലേക്കു മാറ്റാൻ സംരംഭകർക്കു കർശനനിർദേശം നൽകിയതായി അക്ഷയ ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയുടെ ഇടപെടലിനെത്തുടർന്നാണു നടപടി. താഴത്തെ നിലയിൽ കെട്ടിടം ലഭിച്ചാൽ ഉടൻ അക്ഷയകേന്ദ്രം മാറ്റാമെന്ന് സംരംഭകർ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. കോടാലി ജംഗ്ഷൻ അക്ഷയകേന്ദ്രം മൂന്നുമുറി കനറാബാങ്ക് കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു മാറ്റുന്നതിന് അനുമതി നൽകുമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് അക്ഷയകേന്ദ്രങ്ങളിൽ കാലതാമസം കൂടാതെ സേവനം ലഭ്യമാക്കാൻ പ്രത്യേകസൗകര്യമൊരുക്കാൻ കമ്മീഷൻ നിർദേശിച്ചു. കിടപ്പുരോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ സേവനം വീടുകളിലെത്തി നൽകാൻ അക്ഷയകേന്ദ്രങ്ങൾക്കു നിർദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം സേവനം ലഭ്യമാണെന്ന് അക്ഷയകേന്ദ്രങ്ങളിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ബോർഡ് സ്ഥാപിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മുപ്ലിയം സ്വദേശി കെ.ജി രവീന്ദ്രനാഥ് സമർപ്പിച്ച പരാതിയിലാണു നടപടി.
District News
വടക്കാഞ്ചേരി: വിദ്യാർഥികളോട് സ്വകാര്യ ബസ് ജീവനക്കാർ കാണിക്കുന്ന ക്രൂരത വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ അതിരുകടക്കുന്നു. കൈകൂപ്പി അപേക്ഷിച്ചിട്ടും ബസിൽ കയറ്റാതെ വഴിയാധാരമാക്കുന്ന സംഭവം പതിവായതോടെ, കഴിഞ്ഞദിവസം വിദ്യാർഥികളും രക്ഷിതാക്കളും വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതിനൽകി.
തൃശൂർ, തിരൂർ ഭാഗങ്ങളിലെ സ്കൂളുകളിലേക്കുള്ള വിദ്യാർഥികളോടാണ് രാവിലെ 7.30നും 8.20 നും ഇടയിലുള്ള സമയത്ത് ബസ് ജീവനക്കാരുടെ അതിക്രമം. ദിവസങ്ങളായി ഈ ദുരിതം തുടരുകയാണ്. ബസ് വരുമ്പോൾ പിൻവാതിൽ ബലമായി അടച്ചുപിടിച്ചും, പടിയിൽ കയറാൻ അനുവദിക്കാതെ കണ്ടക്ടർമാർ തടഞ്ഞുനിർത്തിയുമാണ് കുട്ടികളെ വലയ്ക്കുന്നത്. കഴിഞ്ഞദിവസം ഒന്നര മണിക്കൂറോളം കാത്തുനിന്നിട്ടും ബസ് ജീവനക്കാർ കയറ്റാത്തതിനെ തുടർന്ന് 11 വിദ്യാർഥികൾക്കാണ് സ്കൂളിൽ പോകാനാകാതെ വീടുകളിലേക്ക് മടങ്ങേണ്ടിവന്നത്.
മുന്‍പും വടക്കാഞ്ചേരിയിൽനിന്ന് വിദ്യാർഥികളെ കയറ്റാത്ത വിഷയം വലിയ വാർത്തയാവുകയും സംസ്ഥാനതലത്തിൽതന്നെ ചർച്ചയാവുകയും ചെയ്തിരുന്നു. അന്ന് അധികൃതരുടെ ഇടപെടലിനെത്തുടർന്ന് ഏതാനും ദിവസം മാന്യമായി പെരുമാറിയ ജീവനക്കാർ, വീണ്ടും പഴയ തന്നിഷ്ടത്തിലേക്ക് മടങ്ങുകയായിരുന്നു.
നിയമം കാറ്റിൽപ്പറത്തുന്ന ബസുകളുടെ വ്യക്തമായ വിവരങ്ങൾ അടക്കമാണ് രക്ഷിതാക്കളും വിദ്യാർഥികളും പോലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ബസ് സ്റ്റാൻഡിലെത്തിയ ഉദ്യോഗസ്ഥർ ബസ് ജീവനക്കാർക്ക് കർശന മുന്നറിയിപ്പ് നൽകി. കുട്ടികളോട് വിവേചനം കാട്ടിയാൽ വിട്ടുവീഴ്ചയില്ലാതെ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമനടപടികളിലേക്ക് കടക്കുമെന്ന് എഎംവിഐമാരായ ഷീബ, സെന്തിൽ എന്നിവർ വ്യക്തമാക്കി.
District News
പട്ടിക്കാട്: പീച്ചിയിൽ ഭൂമിക്കടിയിൽനിന്നുള്ള ഉഗ്രശബ്ദവും പ്രകന്പനവും വീണ്ടുമുണ്ടായതോടെ മേഖലയിൽ ഭൂവിജ്ഞാന വകുപ്പിന്റെയും ദുരന്തനിവാരണ അഥോറിറ്റിയുടെയും അടിയന്തര പരിശോധന വേണമെന്ന് നാട്ടുകാർ. റിക്ടർ സ്കെയിലിൽ രേഖപ്പെടുത്താത്ത ചെറിയ പ്രകന്പനമാണെന്ന് ലഘൂകരിക്കാതെ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ 8.45നും ഒന്‍പതിനും ഇടയിലാണ് ഭൂമിക്കടിയിൽനിന്ന് ശക്തമായ മുഴക്കം വീണ്ടും ഉണ്ടായത്. വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന്, പീച്ചി പ്രദേശങ്ങളിലാണ് ശബ്ദം കേട്ടത്. വലിയ ഇടിമുഴക്കം പോലെയും ട്രക്ക് പോകുന്നതുപോലെയുമുള്ള ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ചില വീടുകളിൽ ഫാനുകളും ജനലുകളും കുലുങ്ങിയതായും പറയുന്നു.
കഴിഞ്ഞ ദിവസമുണ്ടായ പ്രകന്പനത്തിൽ പീച്ചി മേഖലയിലെ പതിമൂന്നു വീടുകൾക്ക് വിള്ളലുണ്ടായി. പ്രകന്പനവും ഭൂചലനവും തുടർച്ചയായതോടെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. വലിയ ഭൂകന്പമുണ്ടാകുമെന്ന ആശങ്കയിൽ ഉറങ്ങാൻ ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി എന്തു സംഭവിക്കുമെന്ന ഭീതി നാട്ടുകാർക്കുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ആറിനു ശേഷമാണ് പ്രകന്പനവും വലിയ ശബ്ദവുമുണ്ടായത്. ഡാമിനു സമീപം പള്ളിക്കുന്ന്, ജണ്ടമുക്ക്, മനയ്ക്കപ്പാടം, തെക്കേക്കുളം എന്നിവിടങ്ങളിലുണ്ടായ പ്രകന്പനത്തിൽ വീടുകൾക്ക് വിള്ളലുകളുണ്ടായി. പള്ളിക്കുന്നിൽ പത്തു വീടുകൾക്കും ജണ്ടമുക്കിൽ ഒരു വീടിനും, മനയ്ക്കപ്പാടത്തെ രണ്ടു വീടുകൾക്കും വിള്ളലുകളുണ്ടായി. പള്ളിക്കുന്ന് മങ്കമത്തിൽ ശശി, തലക്കോട്ടൂർ ലോനക്കുട്ടി, കാട്ടിപ്പറന്പിൽ സൈമണ്‍, കാഞ്ഞിരത്തിങ്കൽ ഷാജി, തെക്കേക്കര തങ്കായി കുര്യൻ, വേലംകുടി ശാന്ത, ചിറയത്ത് ഡേവിഡ്, മേക്കര സുഭാഷ്, തടത്തിൽ രാജൻ, തെക്കേക്കുളത്തിൽ ലക്ഷ്മി, ചിറ്റിലപ്പിള്ളി ലോനപ്പൻ, മനയ്ക്കപ്പാടം കല്ലിങ്കൽ നാരായണൻ നായർ, തെക്കേക്കര എബി എന്നിവരുടെ വീടുകളിലാണ് വിള്ളലുകൾ കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയും ഭൂമിക്കടിയിൽ മുഴക്കമുണ്ടായി. തുടർന്ന് ജണ്ടമുക്ക് തെക്കേക്കര വീട്ടിൽ ജിനേഷിന്റെ വീട്ടിലെ കുഴൽക്കിണറിൽ ചെളിവെള്ളം നിറഞ്ഞതായും നാട്ടുകാർ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷങ്ങളിലും പല തവണ ചെറുചലനങ്ങളും മുഴക്കവും അനുഭവപ്പെട്ടിരുന്നു. ഒരാഴ്ചയുടെ ഇടവേളയിൽ രണ്ടു പ്രകന്പനങ്ങളുണ്ടായതും ഓരോ വർഷവും ഭൂചലനങ്ങൾ ഉണ്ടാകുന്നതുമാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.
District News
പട്ടിക്കാട്: ഇന്നലെ രാവിലെ ഭൂമിക്കടിയിൽനിന്ന് വലിയ മുഴക്കം കേട്ടതോടെ ഭയന്ന് മുറിയിൽനിന്ന് കുഞ്ഞുമായി പുറത്തേക്കോടിയെന്ന് പ്രദേശവാസിയായ സൗമ്യ പറഞ്ഞു. പള്ളിക്കുന്ന് ഭാഗത്തു വീടിനു സാരമായ കേടുപാടുകൾ സംഭവിച്ച ചിറ്റിലപ്പിള്ളി ലോനപ്പന്റെ മരുമകളാണ് സൗമ്യ അജീഷ്. ഈ പ്രദേശത്ത് ഇരുപതോളം വീടുകൾക്കാണ് വിള്ളലുകൾ സംഭവിച്ചത്. കൂടുതൽ വീടുകൾക്കു നാശമുണ്ടായതും ഇവിടെയാണ്.
പീച്ചി ഡാമിലേക്ക് ഇവിടെനിന്ന് 200 മീറ്റർ ദൂരം മാത്രമേയുള്ളൂ. ഭൂചലനത്തിന്റെ തീവ്രത കൂടിയാൽ അത് ഡാമിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ മേഖലയിൽ ഇത്തരത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത്രയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുന്നത് ഇതാദ്യമായാണ്. കേടുസംഭവിച്ച വീടുകൾക്ക് അടിയന്തരസഹായം നൽകുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ സന്ധ്യാ ഷാജി ആവശ്യപ്പെട്ടു.
District News
പാലക്കാട്: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഡൽഹിയിൽ പോലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽനിന്നും ഹെഡ് പോസ്റ്റ് ഓഫീസിലേക്കു പ്രതിഷേധ മാർച്ച് നടത്തി.
കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു, ഡിസിസി സെക്രട്ടറി വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.എ. ചന്ദ്രൻ, കെപിസിസി സെക്രട്ടറിമാരായ പി. ബാലഗോപാൽ, പി.വി. രാജേഷ്, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ഭവദാസ്, കെ.സി. പ്രീത്, പ്രകാശൻ കാഴ്ച്ചപറമ്പ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, കെഎസ്യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി, സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം നേതാക്കളായ സി.വി. സതീഷ്, പി.കെ. വാസു, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, സുധാകരൻ പ്ലാക്കാട്ട്, പി.എച്ച്. മുസ്തഫ, മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തുർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ, പ്രസാദ് കണ്ണാടി തുടങ്ങിയവർ പങ്കെടുത്തു.
വടക്കഞ്ചേരി, കിഴക്കഞ്ചേരി
വടക്കഞ്ചേരി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കും നേരേ നടന്ന പോലീസ് അതിക്രമത്തിലും അറസ്റ്റ് നടപടിയിലും പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വടക്കഞ്ചേരി ടൗണിൽ പ്രകടവും പൊതുയോഗവും നടത്തി.
ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് എം.പി. ശശികല ടീച്ചർ അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ് റെജി കെ. മാത്യു, കെ. മോഹൻദാസ്, ബാബു മാധവൻ, ജോണി ഡയൻ, സുനിൽ ചുവട്ടുപാടം പ്രസംഗിച്ചു.
കിഴക്കഞ്ചേരി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടുകാട്ടിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാബുപോൾ അധ്യക്ഷത വഹിച്ചു. ബേബി കോലാനി, ഷാജു പുളിക്കൻ, ടി.കെ. ഷാനവാസ്, ബിജു മാസ്റ്റർ, പി.പി. പത്മനാഭൻ, സി.കെ. ഉസനാർ പ്രസംഗിച്ചു.
വണ്ടാഴിയിൽ
വണ്ടാഴി: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറിമാരായ എം. സുരേഷ്കുമാർ, ഗഫൂർ മുടപ്പല്ലൂർ, വി. വാസു, എൻ. വിഷ്ണു, ബി. രതീഷ്, വി. പ്രകാശൻ, പഞ്ചായത്ത് മെംബർ എം. ഹംസ, മറ്റു മണ്ഡലം ഭാരവാഹികളായ വി. മനോജ്, കെ.പി. കൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ. അനീഷ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈനി ബെന്നി, കെ. അജിത്ത്, അഡ്വ.സിബി, എ.എ. അബ്ദുൾ ലത്തീഫ്, വി. വിനേഷ്, സുരേഷ് ബാബു, വി. സുരേഷ് പ്രസംഗിച്ചു.
നെന്മാറയിൽ
നെന്മാറ: യുജിസി നീറ്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരേ സമരം നടത്തിയ വിദ്യാർഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച രാഹുൽഗാന്ധിയെ പോലീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് നെന്മാറ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രതിഷേധപ്രകടനം നടത്തി. ഡിസിസി സെക്രട്ടറി സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിനോദ് ചക്രായി അധ്യക്ഷത വഹിച്ചു.
അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി, എം.ആർ. നാരായണൻ, കെ.വി. ഗോപാലകൃഷ്ണൻ, കെ.ആർ. പത്മകുമാർ, പ്രദീപ് നെന്മാറ, പി.പി. ശിവപ്രസാദ് , മണികണ്ഠൻ തിട്ടുംപുറം, എം. ദേവൻ, പി. എസ്. രാമനാഥൻ, റിജേഷ് നാരായണൻ എന്നിവർ പ്രസംഗിച്ചു.
ഷോളയൂരിൽ
അഗളി: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഷോളയൂർ മണ്ഡലം കോൺഗ്രസ് കമിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പി. സുബ്രഹ്്മണ്യൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഡി.എസ്. ചിത്ര ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കനകരാജ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എം.സി. ഗാന്ധി, ചിന്നസ്വാമി, പി.വി. സന്തോഷ് കുമാർ, മണികണ്ഠൻ, സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ വനിത, റുക്ക, ഗണേശൻ പ്രസംഗിച്ചു.
District News
നെന്മാറ: നെന്മാറ കൃഷിഭവനും വിള ആരോഗ്യകേന്ദ്രവും വിവിധ പാടശേഖരങ്ങളിൽ നടത്തിയ കീടരോഗസർവേയിൽ നെല്ലോലകളെ ആക്രമിക്കുന്ന മണ്ഡരികളുടെ ആക്രമണം രൂക്ഷമായതായി കണ്ടെത്തി.
വിള ആരോഗ്യപരിപാലന പദ്ധതിയുടെ ഭാഗമായുള്ള സർവേയിലാണ് അകമ്പാടം, എടക്കമ്പാടം സമിതികളിൽ മണ്ഡരിയുടെ സാന്നിധ്യം കണ്ടെത്തിയത്. എടക്കംപാടം പാടശേഖരസമിതിയിലെ കെ. സേതുമാധവൻ എന്ന കർഷകന്റെ പാടത്ത് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മണ്ഡരി സ്ഥിരീകരിച്ചത്.
ഇടയ്ക്കിടെയുള്ള നല്ല വെയിലും മഴയുമാകാം മണ്ഡരികളുടെ വ്യാപനത്തിനു കാരണമാകുന്നതെന്നു നെന്മാറ കൃഷിഓഫീസർ എസ്. കൃഷ്ണ പറഞ്ഞു.
പലതരത്തിൽപ്പെട്ട മഞ്ഞളിപ്പും ഇലകരിച്ചിലും പാടത്തു കാണുന്നുണ്ടെങ്കിലും മണ്ഡരികളുടെ ആക്രമണമാണോ എന്ന് കൃഷിഭവനുമായി ബന്ധപ്പെട്ടു ഉറപ്പാക്കിയ ശേഷം മാത്രം നിയന്ത്രണമാർഗങ്ങൾ അനുവർത്തിക്കേണ്ടതാണെന്നും കൃഷി ഓഫീസർ പറഞ്ഞു.
ലക്ഷണങ്ങൾ ശ്രദ്ധയിൽപെടുകയാണെങ്കിൽ ഉടൻ നെന്മാറ കൃഷിഭവനുമായി ബന്ധപ്പെടണം. കൃഷിഓഫീസർ എസ്. കൃഷ്ണ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, കൃഷി അസിസ്റ്റന്റ് വി. ലിഗിത, പെസ്റ്റ് സ്കൗട്ട് അജ്മൽ എന്നിവരടങ്ങിയ സംഘമാണ് രോഗബാധയുള്ള കൃഷിയിടങ്ങളിൽ പരിശോധന നടത്തിയത്.
District News
നെന്മാറ: പാതിവഴിയിൽ നിലച്ച നെന്മാറ- ഒലിപ്പാറ റോഡിന്റെ നവീകരണപ്രവൃത്തികൾ ഈ സാമ്പത്തിക വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉറപ്പുനൽകി.
നിലവിലെ കരാറുകാരനെ പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കാലവർഷം അവസാനിക്കുന്നതോടെ മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ, എസ്.എം. ഷാജഹാൻ മാസ്റ്റർ എന്നിവർ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ഇക്കാര്യം അറിയിച്ചത്.
റോഡ് നവീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്്ഷൻ കൗൺസിൽ അംഗങ്ങളെയും മന്ത്രിയുടെ നിലപാട് ഇവർ അറിയിച്ചു. ഇതിനിടെ, പ്രവൃത്തികൾ മുടങ്ങിയതിനെ തുടർന്ന് നിലവിലെ കരാറുകാരനോടു പൊതുമരാമത്ത് വകുപ്പ് വിശദീകരണം തേടി.
തന്റെ നിയന്ത്രണത്തിനു പുറത്തുള്ള കാരണങ്ങളാലാണ് പണി നിർത്തിവച്ചതെന്നു കരാറുകാരൻ ആവർത്തിച്ചെങ്കിലും വകുപ്പ് അതംഗീകരിച്ചിട്ടില്ല.
അഭിഭാഷകനോടൊപ്പം ഹിയറിംഗിൽ പങ്കെടുത്ത കരാറുകാരൻ പണി വേഗത്തിൽ പൂർത്തിയാക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും മുൻപ് പലതവണ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ അതിൽ വിശ്വാസമില്ലെന്നാണ് വകുപ്പിന്റെ നിലപാട്. ഹിയറിംഗിനു ആദ്യം അനാരോഗ്യം ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന കരാറുകാരൻ പിന്നീട് ഹാജരായി പ്രവൃത്തി പൂർത്തിയാക്കാമെന്നു ഉറപ്പുനൽകി. ഇതേ തുടർന്ന് കെ. പ്രേമൻ എംഎൽഎയുമായി ചർച്ച നടത്തിയതായി ദേശീയപാത വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ സി. രാജേഷ്ചന്ദ്രൻ അറിയിച്ചു. നിലവിലെ കരാറുകാരനെ വിശ്വസിക്കരുതെന്നായിരുന്നു എംഎൽഎയുടെ അഭിപ്രായമെങ്കിലും പുതിയ കരാർ നടപടികൾ ആരംഭിച്ചാൽ മാസങ്ങൾ വൈകുമെന്നതിനാൽ നിലവിലെ കരാറുകാരന് അവസാന അവസരം നൽകാനാണ് വകുപ്പ് ആലോചിക്കുന്നത്.
രണ്ടുദിവസത്തിനകം പ്രവൃത്തി ഷെഡ്യൂൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിയറിംഗിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
District News
വടക്കഞ്ചേരി: പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി തുടരുന്ന കരിങ്കൽ ക്വാറിക്കെതിരേ ശബ്ദിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് സ്ത്രീകള്‍ ഉൾപ്പെടെയുള്ള നാട്ടുകാർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി.
പുതുക്കോട് മണപ്പാടത്തെ കരിങ്കൽ ക്വാറിക്കെതിരേയുള്ള സമരക്കാരാണ് ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയത്. സംയുക്ത സമരസമിതി പ്രസിഡന്റ് പി. ശങ്കരനാരായണൻ, സെക്രട്ടറി എൻ. ഷൺമുഖൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ സിഐ എം.പി. എബിയുമായി സംസാരിച്ചു.
നീതിക്കായി കോടതിയെ സമീപിക്കുമെന്ന് പിന്നീട് സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു. സമരക്കാരിൽചിലർ ക്വാറിക്കുള്ളിൽ കയറി നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് കാണിച്ചായിരുന്നു ക്വാറി നടത്തിപ്പുകാർ പോലീസിൽ പരാതി നൽകിയത്. ഉദയൻ, ജയൻ എന്നിവർക്കെതിരേയായിരുന്നു പരാതി.
ഇതേതുടർന്നാണ് പ്രകോപിതരായ സമരക്കാർ ഒന്നടങ്കം സ്റ്റേഷനിൽ എത്തിയത്.
ഇത്തരം വ്യാജ പരാതികൾക്കൊണ്ടൊന്നും ഭയപ്പെടില്ലെന്നും സമരം കൂടുതൽ ശക്തമാക്കുമെന്നും സമരക്കാരായ സ്ത്രീകൾ പറഞ്ഞു. 24 മണിക്കൂറും പ്രവർത്തിക്കേണ്ട ക്വാറിയിലെ സിസി ടിവി, പരാതിയിൽ പറയുന്ന സമയംമാത്രം പ്രവർത്തിച്ചിരുന്നില്ലെന്ന ക്വാറി നടത്തിപ്പുക്കാരുടെ വിശദീകരണംതന്നെ പരാതി വ്യാജമാണെന്നതിന്റെ തെളിവാണെന്നു സമരക്കാർ ചൂണ്ടിക്കാട്ടി.
പ്രദേശത്ത് താമസിക്കാൻ കഴിയാത്തവിധം ഉഗ്രസ്ഫോടനങ്ങളും ജലമലിനീകരണവും പൊടിശല്യവുമാണുണ്ടാകുന്നത്. പാറ പൊട്ടിക്കുമ്പോൾ കല്ല് തെറിക്കുന്ന സംഭവങ്ങളുമുണ്ട്.
നാലുദിവസം മുമ്പ് ക്വാറിക്കടുത്തെ പാടത്ത് പണിയെടുത്തിരുന്ന തന്റെ ദേഹത്തോട് ചേർന്ന് വലിയ കല്ല് പാഞ്ഞുപോയതായും ഭാഗ്യത്തിന് പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നെന്നും അനിത എന്ന നാട്ടുകാരി പറഞ്ഞു.
രണ്ടാഴ്ച മുമ്പ് പാറ പൊട്ടിക്കുന്ന സ്ഫോടന ശബ്ദം കേട്ട് കുഴഞ്ഞുവീണ അറളാക്കോട് സ്വദേശിനി ചെല്ലമ്മ (60) ഇപ്പോഴും ചികിത്സയിലാണ്. ഇത്തരം അപായകരമായ സംഭവങ്ങൾ പ്രദേശത്ത് തുടരുന്നുണ്ട്.
ക്വാറി പ്രവർത്തിക്കാൻ പഞ്ചായത്ത് നൽകിയ അനുമതി റദ്ദാക്കിയിരുന്നെങ്കിലും നടത്തിപ്പുകാർ തിരുവനന്തപുരം ട്രൈബ്യൂണലിൽ നിന്നും പഞ്ചായത്ത് നടപടിക്കെതിരേ സ്റ്റേ വാങ്ങിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് സമരസമിതി പ്രസിഡന്റ് പി. ശങ്കരനാരായണൻ പറഞ്ഞു. ക്വാറിക്കുള്ളിൽ അതിക്രമിച്ചു കടന്നെന്ന പരാതിയിലാണ് ഉദയൻ, ജയൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് സിഐ എം.പി. എബി പറഞ്ഞു.
അതേസമയം, ക്വാറിക്കെതിരേയുള്ള പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്ന നടപടികളിൽ വീഴ്ചയുണ്ടാകുന്നതായി അക്ഷേപമുണ്ട്.
ക്വാറിക്കെതിരേ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്ഠേന പ്രമേയം പാസാക്കിയാൽ ക്വാറി നടത്തിപ്പിന് തടയിടാനാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
District News
പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 29 ന് നടക്കും. ഇതു സംബന്ധിച്ച അറിയിപ്പ് വരണാധികാരി ജില്ലാ കളക്ടർ കെ. സുധീർ അംഗങ്ങൾക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.എം. ശശി ആലത്തൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ച് വിജയിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റായിരുന്ന എൻ. സരിതയ്ക്കാണ് ഇപ്പോൾ പ്രസിഡന്റിന്റെ താത്കാലിക ചുമതല. 29 ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ്. പല്ലശന ഡിവിഷനിൽ നിന്നാണ് ടി.എം. ശശി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ഇതൊഴികെയുള്ള 30 സീറ്റുകളിൽ എൽഡിഎഫ്- 18, യുഡിഎഫ്- 12 എന്നിങ്ങനെയാണ് കക്ഷിനില. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാണ്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് ആലോചനകൾ മുന്നണികൾ ആരംഭിച്ചിട്ടുണ്ട്.
District News
പാലക്കാട്: ഭവനരഹിതരായ അന്‍പതു കുടുംബങ്ങൾക്ക് മേൽക്കൂരയൊരുക്കുന്നതിന്റെ ഭാഗമായി ചന്ദ്രമ്മ മാധവൻ നായർ ട്രസ്റ്റ് (സിഎംഎൻ ട്രസ്റ്റ്) നിർമിച്ച വീടുകളുടെ സമർപ്പണവും പുതിയ ഭവന പദ്ധതികൾക്കായുള്ള ധാരണാപത്ര വിതരണവും 24ന് നടക്കും.
രാവിലെ 10 ന് ഒറ്റപ്പാലം കെഎം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഭവനസമർപ്പണം നിർവഹിച്ച് ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുമെന്നു ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ട്രസ്റ്റ് ചെയർമാനും ഗൾഫ് വ്യവസായിയും സംരംഭകനും ജീവകാരുണ്യപ്രവർത്തകനുമായ പന്പാവാസൻ നായർ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എൻ. ഷംസുദ്ദീൻ, കെ.എ. തുളസി, വി.കെ. ശ്രീകണ്ഠൻ എംപി, എംഎൽഎമാരായ എം. വിൻസെന്റ്, പി. മമ്മിക്കുട്ടി, കെ. പ്രേംകുമാർ, വി.ടി. ബൽറാം, മുൻ മന്ത്രി എം.ബി. രാജേഷ്, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
അഞ്ചുവർഷത്തിനുള്ളിൽ അന്‍പതു വീടുകൾ അർഹരായവർക്കു നൽകുകയെന്ന ലക്ഷ്യത്തോടെ 2024 ഓഗസ്റ്റ് 25 നാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയാരംഭിച്ച് ഇരുപതുമാസത്തിനുള്ളിൽ നാൽപ്പത്തിയെട്ടു വീടുകൾ നൽകാൻ ട്രസ്റ്റിനു കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. പാലക്കാട് ജില്ലയിൽ മുപ്പതു വീടുകൾ നൽകി. തൃശൂർ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, എറണാകുളം എന്നീ ജില്ലകളിലും വീടുകൾ നൽകിയിട്ടുണ്ട്. 500 ചതുരശ്ര അടി വിസ്തൃതിയിൽ ഗുണഭോക്താവിന്റെ സ്ഥലത്തിന് അനുയോജ്യമായ വീടുകളാണ് നിർമിച്ചു നൽകുന്നത്. വീടു നൽകുക മാത്രമല്ല ലൈറ്റ്, ഫാൻ, ഗ്യാസ് അടുപ്പ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളും ട്രസ്റ്റ് ഒരുക്കി നൽകുന്നുണ്ട്.
പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പന്പാവാസൻ നായർ, ട്രസ്റ്റിമാരായ കലാ പന്പാവാസൻ , വിഘനേഷ് പന്പാവാസൻ , ട്രസ്റ്റ് മാനേജർ സന്തോഷ് കയറാട്ട്, ട്രസ്റ്റ് ചാർട്ടേഡ് അക്കൗണ്ടന്റ് വി. ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.
District News
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദിച്ചതിലും പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ സമരം ചെയ്ത രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങി കോണ്‍ഗ്രസ് എംപിമാരെയും മുതിർന്ന നേതാക്കളെ മർദിച്ചതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്.
വിക്ടോറിയ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞതോടെയാണ് തർക്കവും സംഘർഷവും രൂപപ്പെട്ടത്. ബാരിക്കേഡുകൾ തകർത്ത് അകത്തുകയറാൻ ശ്രമിച്ച പ്രവർത്തകർക്കുനേരേ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.
ചില പ്രവർത്തകർ മതിൽ ചാടിക്കടന്ന് പോസ്റ്റ് ഓഫീസ് കോന്പൗണ്ടിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധമാർച്ച് കെ.എം. അഭിജിത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ് അധ്യക്ഷത വഹിച്ചു. നേതാക്കളെയുൾപ്പെടെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ ഒ.കെ. ഫാറൂഖ്, സി. വിഷ്ണു, വിനോദ് ചെറാട്, ജിതേഷ് നാരായണൻ, അരുണ്‍കുമാർ പാലക്കുറിശി, കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം, ദിജു ദിവാകരൻ, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ ഇ.കെ. ജസീൽ, പി.ടി. അജ്മൽ, ശ്യാം ദേവദാസ്, സതീഷ് തിരുവാലത്തൂർ, വിനീഷ് കരിന്പാറ, കെഎസ്യു ജില്ലാ ഭാരവാഹികളായ രഞ്ജിത്ത്, ആകാശ് കുഴൽമന്ദം, നിതിൻ ഫാത്തിമ, റോഷിത് നെന്മാറ, ദിലീപ് നെല്ലിയാന്പതി എന്നിവർ നേതൃത്വം നൽകി.
District News
പാലക്കാട്: കോട്ടമൈതാനം പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട ട്രാവലറിന്റെ ഗ്ലാസ് തകർത്ത് ഐഫോണ്‍ അടങ്ങിയ ബാഗ് മോഷണം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. പാറ എലപ്പുള്ളി സ്വദേശി കോഴി ബാബു എന്ന ബാബു (46) വിനെയാണ് പാലക്കാട് സൗത്ത് പോലീസ് പിടികൂടിയത്.
പാർക്കിംഗ് ഏരിയയിൽ സിസി ടിവി ഇല്ലാത്തതിനാൽ അന്വേഷണം ദുർഘടമായിരുന്നു. നഷ്ടപ്പെട്ട മൊബൈൽഫോണ്‍ തിരിച്ചുകിട്ടിയിട്ടുണ്ട്. പിടിയിലായ പ്രതിക്ക് കൊലപാതകം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.
പാലക്കാട് സൗത്ത് ഇൻസ്പെക്ടർ അബ്ദുൾ ജലീൽ, എസ്ഐ ഷബീബ് റഹ്്മാൻ, എഎസ്ഐ ഷൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആർ. രാജീദ്, കെ.എസ്. ഷാലു, പ്രദീപ് എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.